തൃശൂർ: സി.പി.എം നിയന്ത്രണത്തിൽ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പുതിയ സംഘടന വരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിൻബലമില്ലാതെ പ്രവർത്തിക്കുന്ന യുനൈറ്റഡ് നഴ്സസ് അസോസിയേഷന് പുറമെയാണ് പുതിയ സംഘടന വരുന്നത്. ഇതിെൻറ ആലോചന യോഗം നവംബർ ഏഴിന് തൃശൂരിൽ നടക്കും. സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിൽ രാവിലെ 10നാണ് യോഗം. ആശുപത്രി ജീവനക്കാരുടെ സംഘടന നേതാക്കൾക്ക് വാട്സ്ആപ്പ് വഴിയാണ് യോഗത്തെപ്പറ്റി സി.ഐ.ടി.യു നിർദേശം നൽകിയത്. നഴ്സുമാർക്കിടക്ക് യു.എൻ.എ ശക്തമായ സാന്നിധ്യമാണ്. എന്നാൽ തികച്ചും അരാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് യു.എൻ.എയുടെ പ്രവർത്തനമെന്നും സ്വകാര്യ മേഖലയിൽ ഇടതുപക്ഷ കാഴ്ചപ്പാടോടുകൂടിയ സംഘടന വേണമെന്നുമാണ് അറിയിപ്പിലുള്ളത്. പുതിയ സംഘടനക്ക് കേരള ഗവ. നഴ്സസ് അസോസിയേഷെൻറ പിന്തുണ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഗവ. സ്റ്റുഡൻറ് നഴ്സസ് അസോസിയേഷനിൽ പ്രവർത്തിച്ചിരുന്നവർ ഇപ്പോൾ പല സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരെ സമീപിക്കണമെന്നും ഒരു ജില്ലയിൽനിന്ന് 10 പേരെയെങ്കിലും യോഗത്തിൽ പങ്കെടുപ്പിക്കണമെന്നുമാണ് നിർദേശം. ഇവർക്ക് ടി.എ, ഡി.എ എന്നിവ നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. വേതന വർധന ആവശ്യപ്പെട്ട് യു.എൻ.എ നടത്തുന്ന സമരങ്ങളോട് സി.ഐ.ടി.യു അടക്കമുള്ള തൊഴിലാളി സംഘടനകൾ മുഖം തിരിഞ്ഞാണ് നിന്നത്. നഴ്സുമാരുടെ സേവന വേതന പ്രശ്നത്തിൽ മുഖ്യമന്ത്രി ചർച്ച നടത്തിയതും യു.എൻ.എയുമായാണ്. എന്നാൽ, സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം യു.എൻ.എക്കെതിരെ രംഗത്ത് വന്നത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.