ഇരിങ്ങാലക്കുട: കൃഷിവകുപ്പിൽ നിന്നും ഡിപ്ലോയ്മെൻറ് പ്രകാരം ഇരിങ്ങാലക്കുട നഗരസഭയിൽ കാഷ്യറായി സേവനമനുഷ്ഠിച്ചിരുന്ന പി.ജി. ത്രിദീപൻ തട്ടിയെടുത്തത് 99,70,844 രൂപയാണെന്ന് കാണിക്കുന്ന റിപ്പോർട്ട് കൗൺസിലിൽ സമർപ്പിച്ചതിന് പിന്നാലെ ഭരണസമിതിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. വർഷങ്ങളായി നഗരസഭയിൽ ജോലി ചെയ്യുന്ന ജീവനക്കാരൻ ഇത്രയധികം രൂപ തട്ടിയെടുത്തത് മുൻകാലങ്ങളിലെ ഭരണ പരാജയത്തെയാണ് എടുത്തു കാണിക്കുന്നതെന്ന് പ്രതിപക്ഷ കൗൺസിലർമാരായ ടി.കെ. ഷാജു, സി.സി. ഷിബിൻ, പി.വി. ശിവകുമാർ എന്നിവർ പറഞ്ഞു.
നഗരസഭയിലെ റവന്യൂ ഉദ്യോഗസ്ഥർക്കും പണം നഷ്ടപ്പെട്ടതിൽ പങ്കുണ്ടെന്നും അവരുടെയും ഭരണസമിതിയുടെയും ഉത്തരവാദിത്വമില്ലായ്മയാണ് ഇത്രയും പണം നഷ്ടപ്പെടാൻ കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു. കള്ളന് കൂട്ടുനിൽക്കുന്ന ഭരണസമിതിയാണ് ഇരിങ്ങാലക്കുട നഗരസഭയിലേതെന്നും മുമ്പും ധനാപഹരണം നടത്തി സസ്പെൻഡ് ചെയ്യപ്പെട്ട ഒരു ജീവനക്കാരനെ ഭരണസമിതിയും ബി.ജെ.പിയും ചേർന്ന് തിരിച്ചെടുത്തതായും എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. എന്നാൽ ഈ ആരോപണത്തെ ബി.ജെ.പി എതിർത്തതോടെ കൗൺസിലിൽ തർക്കം രൂക്ഷമായി.
ഇതിനിടയിൽ ത്രീദീപൻ നടത്തിയ ധനാപഹരണം പുറത്തറിഞ്ഞപ്പോൾ ആദ്യം തന്നെ ഒത്തുതീർപ്പാക്കാനാണ് മുൻ സെക്രട്ടറി ശ്രമിച്ചതെന്ന് ആരോപിച്ച വിഷ്ണു പ്രഭാകരൻ, മുൻ സെക്രട്ടറിയെയും അന്വേഷണത്തിന് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ടു. 2014ൽ ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിൽ ജോലിയിൽ പ്രവേശിച്ച ഒരാൾ ഇത്രയും കാലം ഒരേ സീറ്റിൽ കാഷ്യര്‍ ആയി തന്നെ തുടർന്നത് ഭരണപക്ഷത്തിന്റെ വീഴ്ചയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് നിലവിലെ നഗരസഭാ ജീവനക്കാരുടെ സേവന കാലാവധി നീട്ടുന്നത് സംബന്ധിച്ച അജണ്ടകളിലും പ്രതിപക്ഷം വിമർശനം ഉന്നയിച്ചു. ഇത്തരം ഒഴിവുകളിലേക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ഉദ്യോഗാർഥികളെ നിയമിക്കണമെന്നും ആവശ്യമുയർന്നു.
നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് യോഗത്തിൽ തീരുമാനമായി. ഇതിനായി 40000 രൂപ വീതം ഓരോ വാർഡിലേക്കും അനുവദിച്ചു. അടിയന്തര ആവശ്യങ്ങളുള്ള വാർഡുകളിലേക്ക് കൂടുതൽ തുക വകയിരുത്തുന്നതിനായി കലക്ടറിൽ നിന്ന് അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി. കൗൺസിൽ യോഗത്തിൽ ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.