നിർമാണം കഴിഞ്ഞ് ഒറ്റ ദിവസംകൊണ്ട് തകർന്ന പൂക്കുളം കുളപ്പടവ്
ചാവക്കാട്: നഗരസഭ രണ്ടു കോടി ചെലവിൽ പുനർനിർമിക്കുന്ന പൂക്കുളത്തിന്റെ നിർമാണ പ്രവൃത്തികളിൽ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. 2019ൽ നിർമാണ പ്രവർത്തനം തുടങ്ങിയ കുളത്തിന് 1.40 കോടി രൂപ ചെലവാക്കിയതിൽ അഴിമതിയും നിർമാണത്തിൽ അശാസ്ത്രീയതയും ആരോപിച്ച് നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. ഇതിനിടെ തിങ്കളാഴ്ച പണിത കുളത്തിന്റെ പടവുകൾ ചൊവ്വാഴ്ച തകർന്നുവീണു.
പടവുകളുടെ രണ്ടാംഘട്ട നിർമാണമാണ് തിങ്കളാഴ്ച പൂർത്തിയാക്കിയത്. വെള്ളത്തിൽ പണിതതാണ് പടവുകൾ തകരാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഒന്നാംഘട്ടത്തിൽ നാലു പടികൾ നിർമിച്ചിരുന്നു. വെള്ളം പൂർണമായും വറ്റിച്ചാണ് അന്ന് പടവുകൾ നിർമിച്ചത്. എന്നാൽ, അതിനു മുകളിലായി കരയിലേക്ക് ബന്ധിപ്പിക്കാനായി പണിത പടവുകളാണ് തകർന്നത്.
പൂക്കുളം പ്രവേശന കവാടവും നടപ്പാതയും നിർമിക്കുന്നതിനായി 2025ൽ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പ്രവൃത്തികളാണ് ഇപ്പോൾ നടന്നുവരുന്നത്. 2019ൽ കുളത്തിന്റെ വശങ്ങളിൽ നിർമിച്ച ബീമുകൾ ചെരിഞ്ഞിരുന്നു. അത് പൂർവ സ്ഥിതിയിലാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. 2019ൽ ആരംഭിച്ച പൂക്കുളം നിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ തകർന്ന കുളപ്പടവിൽ റീത്തുവെച്ച് പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.