ഹോട്ടലിലെ കള്ള​നോട്ട്​: മൂന്ന് വിദേശികൾ കൂടി അറസ്​റ്റിൽ

തൃശൂർ: നഗരത്തിലെ ഹോട്ടൽ റിസപ്ഷനിൽ ഉപേക്ഷിച്ച ബാഗിൽ കള്ളനോട്ട് കണ്ട സംഭവത്തില്‍ അന്താരാഷ്ട്ര തട്ടിപ്പ് സംഘത്തലവനടക്കം മൂന്ന് വിദേശികള്‍ കൂടി അറസ്റ്റിലായി‍. കാമറൂണ്‍ സ്വദേശികളായ ഇനോനി പിയേര (52), സിമോ ഫോട്സോ വിക്ടര്‍ (49), ടെനെ ഫോങ്കോ ഗുസ്താവെ ജൂലിസ് ബോലിസ് (42) എന്നിവെരയാണ് ബംഗളൂരുവിൽനിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 6.32 ലക്ഷം രൂപയുടെ രണ്ടായിരത്തി​െൻറ കള്ളനോട്ടും അത് നിർമിക്കാൻ ഉപയോഗിച്ച പ്രിൻറര്‍, സ്‌കാനര്‍, കമ്പ്യൂട്ടര്‍ എന്നിവയും കണ്ടെടുത്തു. അന്താരാഷ്ട്ര തട്ടിപ്പ് സംഘം ഇതാദ്യമായാണ് ഇന്ത്യയിൽ പിടിയിലാവുന്നത്. സംഘത്തിലെ മലയാളിയായ മതിലകം സ്വദേശി അശോകൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇക്കഴിഞ്ഞ ആറിനാണ് തൃശൂരിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിൽ അശോകനും കാമറൂൺ സംഘവും മുറിയെടുക്കാൻ എത്തിയത്. തിരിച്ചറിയൽ രേഖയില്ലാത്തതിനാൽ മുറി നൽകിയില്ല. ഇതിനിടെ ബാഗ് റിസപ്ഷനിൽ ഉപേക്ഷിച്ച് ഓരോരുത്തരായി മുങ്ങി. പൊലീസെത്തി പരിശോധിച്ചതിലാണ് 16 ലക്ഷത്തി​െൻറ കള്ളനോട്ട് ബാഗിൽ കണ്ടത്. തെളിവായി ഉണ്ടായിരുന്നത് ഹോട്ടലിലെ സി.സി ടി.വി കാമറ ദൃശ്യങ്ങളായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിേദശികളടക്കം അറസ്റ്റിലായത്. ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഹൈദരാബാദ്, കർണാടക, ചെന്നൈ, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, പറ്റ്ന, െകാൽക്കത്ത എന്നിവിടങ്ങളിൽ പ്രതികൾക്കെതിരെ കേസുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. വിദേശ എംബസികള്‍ മുഖേന അന്വേഷണം നടത്തിയാലേ വിശദാംശങ്ങൾ അറിയൂ. മറ്റ് രാജ്യങ്ങളിെല കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് സിറ്റി പൊലീസ് കമീഷണർ രാഹുൽ ആർ. നായർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.