കെ.എം. കിഷോർകുമാർ അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെച്ചു

അന്തിക്കാട്: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി.ഐയിലെ കെ.എം. കിഷോർ കുമാർ പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. സി.പി.എം-, സി.പി.ഐ ധാരണയുടെ അടിസ്ഥാനത്തിലാണ് രാജി. അഞ്ചാം വാർഡ് അംഗമാണ്. അവസാന മൂന്നു വർഷം പ്രസിഡൻറ് സ്ഥാനം സി.പി.എമ്മിനാണ്. നാലാം വാർഡംഗവും മുൻ പ്രസിഡൻറുമായ എ.വി. ശ്രീവത്സനെ പ്രസിഡൻറ് ആക്കാനാണ് നീക്കം. 15 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫിന് 13ഉം യു.ഡി.എഫിന് രണ്ടും അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരിച്ചപ്പോൾ പ്രസിഡൻറ് സ്ഥാനം നൽകാതെ സി.പി.ഐക്ക് വൈസ് പ്രസിഡൻറ് സ്ഥാനം മാത്രമാണ് നൽകിയത്. അവസാന ഒരു വർഷമെങ്കിലും പ്രസിഡൻറ് സ്ഥാനം കിട്ടാതെ വന്നതോടെ സി.പി.ഐ ഇടഞ്ഞ് വൈസ് പ്രസിഡൻറ്, സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. സി.പി.എം-, സി.പി.ഐ തർക്കം രൂക്ഷമായപ്പോൾ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇരുവിഭാഗവും തനിച്ച് മത്സരിക്കാൻ തുനിഞ്ഞെങ്കിലും പാർട്ടി ജില്ല നേതൃത്വം ഇടപെടുകയായിരുന്നു. തുടർന്ന് നടന്ന ചർച്ചയിലാണ് ഭരണം വീണ്ടും ലഭിച്ചാൽ ആദ്യ രണ്ട് വർഷം സി.പി.ഐക്ക് പ്രസിഡൻറ് സ്ഥാനം നൽകാൻ തീരുമാനമായത്. ഇതോടെയാണ് ഇരു പാർട്ടിയും രമ്യതയോടെ മത്സരിച്ചത്. മുന്നണി വൻ വിജയമാണ് നേടിയത്. ധാരണ പ്രകാരമാണ് കിഷോർ കുമാർ പ്രസിഡൻറായത്. രാജി വെച്ചതോടെ നടപടികൾക്ക് ശേഷമാണ് പുതിയ പ്രസിഡൻറിനെ തിരഞ്ഞെടുക്കുക. സി.പി.എം ലോക്കൽ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും യോഗം ചേർന്നാണ് പ്രസിഡൻറ് ആര് ആകണമെന്ന് തീരുമാനിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.