എടത്തിരുത്തി സയന്‍സ് പാര്‍ക്ക് കടലാസിൽ

ചെന്ത്രാപ്പിന്നി: രണ്ടര വര്‍ഷം മുമ്പ് തറക്കല്ലിട്ട എടത്തിരുത്തി സയന്‍സ് പാര്‍ക്ക് നിര്‍മാണം എങ്ങുമെത്തിയില്ല. മതിലകം ബ്ലോക്ക് നിർമിച്ച ചുറ്റുമതിൽ നാശോന്മുഖമായി. സ്ഥലം കാടുപിടിച്ച് കന്നുകാലികളെ മേക്കുന്ന ഇടമായി. നിര്‍ദിഷ്ട സ്ഥലത്തേക്കുള്ള വഴി നിർമാണം പൂർത്തിയായിട്ട് ഒരുവർഷം കഴിഞ്ഞു. 2015 മേയിലാണ് സയന്‍സ് സ​െൻററിന് ശിലയിട്ടത്. ഐ.എസ്.ആര്‍.ഒ സഹകരണത്തോടെ 15 കോടി ചെലവില്‍ നിര്‍മിക്കുന്ന പാര്‍ക്ക് കുട്ടികളുടെ ശാസ്ത്രബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മതിലകം ബ്ലോക്ക് ആവിഷ്കരിച്ച സംരംഭമാണ്. പി.എം. അഹമ്മദ് മതിലകം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ് ആയിരിക്കെ എടത്തിരുത്തി കൊല്ലാറ കെ.എസ്. ചാത്തുണ്ണിയുടെ സ്മരണാര്‍ഥം മകന്‍ വിജയരാഘവന്‍ അയനിച്ചോട് ഭാഗത്ത് സൗജന്യം നല്‍കിയ അരയേക്കര്‍ സ്ഥലമാണ് പാര്‍ക്കിനായി നീക്കിവെച്ചത്. 2000 ചതുരശ്ര അടിയില്‍ വി.എസ്.എസ്.സി ഡെമോണ്‍സ്ട്രേഷന്‍ മുറിയും അതിനുള്ളിൽ ഐ.എസ്.ആര്‍.ഒ എക്സിബിഷന്‍ സ​െൻററും അടങ്ങിയതാണ് പാര്‍ക്ക്. ഐ.എസ്.ആര്‍.ഒയുടെ പ്രധാന കണ്ടുപിടിത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് നിരീക്ഷണ പഠനത്തിനുള്ള സൗകര്യവും ഒരുക്കുമെന്നായിരുന്നു വാഗ്ദാനം. പ്രദര്‍ശന വസ്തുക്കളും യന്ത്രസാമഗ്രികളും ഐ.എസ്.ആര്‍.ഒ നല്‍കും. പക്ഷെ, പാര്‍ക്കിലേക്കുള്ള ഗതാഗത സൗകര്യം ഒരുക്കേണ്ടത് പഞ്ചായത്താണ്. റോഡിന് ഏഴ് ലക്ഷത്തോളം രൂപ പൊതുജന സഹകരണത്തോടെ സ്വരൂപിച്ചാണ് നിര്‍മാണം പൂർത്തിയാക്കിയത്. റോഡ് നിർമിച്ച്‌ നല്‍കുന്ന മുറക്ക് ബ്ലോക്ക് പഞ്ചായത്ത് നിര്‍മാണം ആരംഭിക്കുമെന്നായിരുന്നു വാഗ്ദാനം. പഞ്ചായത്ത് സ്ഥലം വിട്ടു നല്‍കിയതോടെ ബ്ലോക്ക് പഞ്ചായത്ത് ഇവിടെ ചുറ്റുമതില്‍ നിര്‍മിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.