തൃശൂർ: ആറ് വിജിലൻസ് കേസുകളും നൂറിലേറെ പരാതികളുണ്ടായിട്ടും നടപടി നേരിടാതെ വിലസിയ എ.ആർ. ക്യാമ്പിലെ ഡെപ്യൂട്ടി കമാൻഡൻറ് എസ്.രാധാകൃഷ്ണൻ നായരെ ഒടുവിൽ കുടുക്കിയത് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ. പുറമെ അസോസിയേഷനെ പിണക്കിയതും. വിഷയത്തിൽ പി.സി. ജോർജ് എം.എൽ.എ ഇടപെട്ടതും തിരിച്ചടിയായി. ദേശീയഗാനത്തോട് അനാദരവ് കാണിച്ചു, കീഴുദ്യോഗസ്ഥനെ മർദിച്ചു എന്നതടക്കമുള്ള നിരവധി പരാതികളിൽ കഴിഞ്ഞ ദിവസമാണ് ഡി.ജി.പിയുടെ നേരിട്ടുള്ള ഉത്തരവിൽ എ.ആർ. ക്യാമ്പിലെ എസ്. രാധാകൃഷ്ണൻ നായരെ സസ്പെൻഡ് ചെയ്തത്. അഴിമതി ആരോപണവും വ്യക്തിവൈരാഗ്യം തീർക്കാൻ പ്രതികാര നടപടി എടുക്കുന്നുവെന്നുമുള്ള ആരോപണങ്ങൾ വന്നിട്ടും ഇയാൾക്കെതിരെ പരാതിപ്പെടാൻ ആരും തയാറായിരുന്നില്ല. പൊലീസ് ആസ്ഥാനത്തും മാറിയെത്തുന്ന സർക്കാറുകളിൽ ഉന്നതരുമായുള്ള ബന്ധവുമായിരുന്നു പിൻബലം. കോഴിക്കോട് ഈട്ടിത്തടി മുറിച്ച് കടത്തിയ കേസിൽ വിജിലൻസ് കുറ്റം കണ്ടെത്തിയെങ്കിലും സ്വാധീനമുപയോഗിച്ച് നടപടി ഒഴിവാക്കി. ദേശീയ ഗാനത്തോട് അനാദരവ് കാണിച്ച കേസിൽ രാഷ്ട്രപതിയുടെ ഓഫിസ് വരെ പരാതിയെത്തി. കാൻറീനിൽനിന്നും ഭക്ഷണ സാധനങ്ങൾ കൊണ്ടു പോവുക, പണം ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുക എന്നിവയെല്ലാം ഇദ്ദേഹത്തിനെതിരെയുയർന്ന ആരോപണങ്ങളായിരുന്നു. ഈട്ടിത്തടി കടത്തിയതിന് സർവിസിൽനിന്നും മാറ്റി നിർത്താൻ എസ്.എസ്.ബിയും, ഡി.എസ്.ബിയും നിർദേശിച്ചെങ്കിലും കോഴിക്കോട് നിന്നും സ്ഥലം മാറ്റി തൃശൂരിൽ നിയമനം നേടുകയായിരുന്നു. അതും ഡെപ്യൂട്ടി കമാൻഡൻറ് ആക്കി സ്ഥാനക്കയറ്റം നൽകിക്കൊണ്ട്. ദിവസങ്ങൾക്ക് മുമ്പ് പൊലീസ് അസോസിയേഷൻ നേതാവും മന്ത്രി എ.സി. മൊയ്തീെൻറ സഹോദരനുമായ ഉദ്യോഗസ്ഥന് ചികിത്സയുടെ ഭാഗമായി ഡ്യൂട്ടി മാറ്റി നൽകുന്നതിനുള്ള അപേക്ഷ നിരസിച്ചത് അസോസിയേഷനെ ചൊടിപ്പിച്ചു. വിവരം മുഖ്യമന്ത്രിയെ അസോസിയേഷൻ നേതാക്കൾ ധരിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ ആക്ഷേപങ്ങളിൽ പി.സി. ജോർജും ഇടപെട്ടിരുന്നു. പി.സി. ജോർജും മുഖ്യമന്ത്രിയെ വിവരം അറിയിച്ചതോടെ ഉടൻ നടപടിക്കാണ് മുഖ്യമന്ത്രി ഡി.ജി.പിക്ക് നിർദേശം നൽകിയത്. തൃശൂർ ചിറക്കേക്കോട് സ്വദേശിയാണ് ഇയാൾക്കെതിരെയുള്ള ആക്ഷേപങ്ങളിൽ വിവരാവകാശ പ്രകാരമുള്ള രേഖകൾ ശേഖരിച്ചത്. ഇതാണ് നടപടികളിലേക്ക് അവസരമൊരുക്കിയത്. സസ്പെൻഷനെതിരെ ട്രൈബ്യൂണലിനെ സമീപിക്കാനാണ് രാധാകൃഷ്ണൻ നായരുടെ നീക്കമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.