ഗുരുവായൂർ: നഗരസഭ കൗൺസിൽ യോഗത്തിലെ 'മിണ്ടാവ്രതത്തിന്' ലോക്കൽ സമ്മേളനത്തിൽ പഴി കേട്ട സി.പി.ഐ കൗൺസിലർമാർ ഒടുവിൽ ഉരിയാടി. സി.പി.ഐ ഗുരുവായൂർ ലോക്കൽ സമ്മേളനത്തിൽ നഗരസഭ ഭരണത്തിനെതിരെയും സി.പി.ഐ കൗൺസിലർമാരുടെ മോശം പ്രകടനത്തിനെതിരെയും ഉയർന്ന വിമർശനങ്ങൾ കൗൺസിലിൽ യു.ഡി.എഫ് ആയുധമാക്കിയപ്പോഴാണ് സി.പി.ഐക്ക് മൗനം വെടിയേണ്ടി വന്നത്. സി.പി.ഐയുടെ പരാമർശങ്ങളെ ആയുധമാക്കി ആക്രമണം തുടങ്ങിയത് ആേൻറാ തോമസായിരുന്നു. ഇവർ കത്തിക്കയറിയതോടെ സി.പി.എമ്മുകാരായ ഉപാധ്യക്ഷൻ കെ.പി. വിനോദ്, കെ.വി. വിവിധ്, ടി.എസ്. ഷെനിൽ, ഹബീബ് നാറാണത്ത് എന്നിവരും ജനതാദൾ എസിലെ സുരേഷ് വാര്യരും പ്രതിരോധം തീർത്തു. വികസന സ്ഥിരം സമിതി അധ്യക്ഷ നിർമല കേരളനടക്കമുള്ള സി.പി.ഐ കൗൺസിലർമാർ വഹിക്കുന്ന പങ്കിനെ അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരിയും പുകഴ്ത്തി. ഇതെല്ലാം നടന്നിട്ടും മൗനം തുടർന്ന സി.പി.ഐ നിരയെ നോക്കി പ്രതിപക്ഷത്തെ റഷീദ് കുന്നിക്കൽ, ജോയ് ചെറിയാൻ, പി.എസ്. രാജൻ എന്നിവർ ആക്രമണം തുടർന്നതോടെ സി.പി.ഐക്കാർക്ക് പ്രതികരിക്കാതെ മാർഗമില്ലാതായി. ലോക്കൽ സമ്മേളനത്തെ കുറിച്ച് വന്ന വാർത്തകൾ സി.പി.ഐയുടെ കക്ഷിനേതാവ് അഭിലാഷ് വി. ചന്ദ്രൻ നിഷേധിച്ചു. സമ്മേളന ശേഷം നൽകിയ വാർത്താക്കുറിപ്പിൽ ഇല്ലാത്ത കാര്യങ്ങളാണ് വാർത്തയിൽ വന്നെതെന്ന് അദ്ദേഹം വാദിച്ചു. സി.പി.ഐയിലെ എം.പി. അനീഷ്മയും പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ചു. നിർമല കേരളൻ, മീന പ്രമോദ് എന്നിവരും ചർച്ചകളിൽ പങ്കെടുത്ത് സി.പി.ഐ പക്ഷത്തെ ഉഷാറാക്കി. സി.പി.എമ്മിെൻറ സമ്മർദം മൂലം വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെയാണ് സി.പി.ഐക്കാർ പാർട്ടി സമ്മേളനത്തിലെ ചർച്ചകളെ തള്ളിപ്പറയുന്നതെന്നായിരുന്നു എ.ടി. ഹംസയുടെ കമൻറ്. ബുധനാഴ്ച നടക്കുന്ന ക്ഷേത്ര പ്രവേശന വാർഷികാചരണത്തിെൻറ ഭാഗമായി സെമിനാർ സംഘടിപ്പിക്കും. ക്ഷേത്ര പ്രവേശന സമരത്തിന് നേതൃത്വം നൽകിയ കെ. കേളപ്പനെ തമസ്കരിച്ച് എ.കെ.ജിക്ക് മാത്രം സ്ഥാനം നൽകുകയാണ് സി.പി.എമ്മെന്ന് ഹംസ ആരോപിച്ചു. കേളപ്പന് ഗുരുവായൂരിൽ സംസ്ഥാന സർക്കാർ സ്മാരകം നിർമിക്കുമെന്ന് 2011ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത് ഓർമയുണ്ടോയെന്ന് കെ.വി. വിവിധ് മറുചോദ്യമുന്നയിച്ചു. പട്ടിക ജാതി കുടുംബങ്ങൾക്കായി നിർമിച്ച ആറ് ഫ്ലാറ്റുകൾ നവംബർ 12ന് ഗുണഭോക്താക്കൾക്ക് കൈമാറും. നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. എം. രതി, ആർ.വി. അബ്ദുൽ മജീദ്, ബഷീർ പൂക്കോട്, എം. രതി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.