തൊഴിലുറപ്പ് പദ്ധതി മുഖേന കാനവൃത്തിയാക്കാൻ അനുമതിയില്ല

വെള്ളിക്കുളങ്ങര: ചാലക്കുടി ജലസേചന പദ്ധതിക്ക് കീഴിലെ വലതുകര കനാലി​െൻറ ഉപകനാലുകള്‍ കാടുമൂടുന്നു. മറ്റത്തൂര്‍ ഇറിഗേഷന്‍ ബ്രാഞ്ചുകനാലും മൂന്നുമുറി ഉപകനാലുമാണ് പാഴ്ച്ചെടികളും പുല്ലും മൂടികിടക്കുന്നത്. തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച കാലം മുതലേ കനാലുകള്‍ വൃത്തിയാക്കുന്നത് തൊഴിലുറപ്പ് പദ്ധതിമുഖേനയാണ്. വലതുകര മെയിന്‍ കനാലില്‍നിന്ന് മറ്റത്തൂര്‍ ബ്രാഞ്ച് കനാല്‍ ആരംഭിക്കുന്ന മാരാംകോട് മുതല്‍ മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറിവരെ എല്ലാവര്‍ഷവും തൊഴിലുറപ്പ് തൊഴിലാളികൾ കാട് വെട്ടിനീക്കാറുണ്ട്. ഒക്ടോബറിലോ നവംബറിലോ കനാല്‍ വൃത്തിയാക്കി ഡിസംബറോടെ വെള്ളം തുറന്നുവിടാറാണ് പതിവ്. യഥാസമയം വെള്ളമെത്തിയില്ലെങ്കില്‍ കാര്‍ഷികവിളകള്‍ ഉണക്കു ഭീഷണി നേരിടുകയും മലയോരമേഖലയില്‍ ജലക്ഷാമം രൂക്ഷമാകുകയും ചെയ്യും. തൊഴിലുറപ്പു പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളനുസരിച്ച് ഇപ്പോള്‍ കനാല്‍ വൃത്തിയാക്കുന്ന ജോലികള്‍ തൊഴിലുറപ്പുതൊഴിലാളികളെ കൊണ്ട് ചെയ്യിക്കാനാവില്ല. ജനപ്രതിനിധികളുടെ ഇടപെടലുകളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തൊഴിലുറപ്പ് പണിക്കാരെ നിയോഗിച്ച് കനാലുകള്‍ വൃത്തിയാക്കാന്‍ നടപടിയുണ്ടായി. എന്നാല്‍ ഈ വര്‍ഷം ഇതിനുള്ള നടപടി ഇനിയും ഉണ്ടായിട്ടില്ല. ഇറിഗേഷന്‍, കൃഷി വകുപ്പുകളുടെ ഫണ്ട് ഏകോപിപ്പിച്ച് കനാല്‍ വൃത്തിയാക്കിക്കുന്നതിന് പദ്ധതി തയ്യാറാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പലയിടത്തും നീരൊഴുക്കിന് തടസ്സമായ രീതിയിലാണ് കനാലുകളില്‍ പാഴ്‌ച്ചെടികള്‍. ഇവ നീക്കം ചെയ്യാതെ കനാലില്‍ വെള്ളം തുറന്നുവിട്ടാല്‍ ശരിയായി വെള്ളം കിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. മഴ കുറഞ്ഞ സാഹചര്യത്തില്‍ കനാലുകള്‍ വൃത്തിയാക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.