കൊടുങ്ങല്ലൂർ നഗരസഭയിൽ നിർത്തലാക്കിയ സൈറൺ സംവിധാനം
കൊടുങ്ങല്ലൂർ: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഇനി സൈറൺ മുഴങ്ങില്ല. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ അടിയന്തിരമായി പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സൈറൺ നിർത്തണമെന്ന് കാണിച്ച് സെക്രട്ടറിമാർക്ക് നിർദേശം ലഭിച്ചു.
സൈറൺ ഒരാഴ്ചക്കുള്ളിൽ നിർത്തമെന്നും അതിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നുമുള്ള ഉത്തരവ് ഫെബ്രുവരി 19നാണ് ഹൈകോടതി പുറപ്പെടുവിച്ചത്. 45 വർഷം മുമ്പ് തുടക്കം കുറിച്ച കൊടുങ്ങല്ലൂർ നഗരസഭയിൽ സൈറൺ ബുധനാഴ്ച നിലച്ചു.
കേരളത്തിൽ ബ്രിട്ടീഷുകാരുടെ കാലത്താണ് സൈറൺ മുഴങ്ങാൻ തുടങ്ങിയതെന്ന് പറയപ്പെടുന്നു. അതേസമയം, രണ്ടാം ലോകമഹായുദ്ധകാലവുമായി ബന്ധപ്പെട്ട കൗതുകകരമായ ചരിത്രവും സൈറന്റെ വരവിന് പിന്നിലുണ്ട്. യുദ്ധത്തിൽ ജപ്പാൻ വിമാനങ്ങൾ ബോംബിടാൻ വരുന്നത് മുൻകൂട്ടി അറിയിക്കാൻ അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരുടെ ഉത്തരവ് പ്രകാരമാണ് പ്രധാന നഗരങ്ങളിൽ സൈറൻ സ്ഥാപിച്ചത്. സമാന രീതിയിൽ ഇന്ത്യ - പാക് യുദ്ധകാലത്തും 1965ൽ സിവിൽ സിഫൻസിന്റെ ഭാഗമായി ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകാൻ സൈറൺ സ്ഥാപിക്കുകയുണ്ടായി. ഇങ്ങനെയാണ് ആലുവ, കണ്ണൂർ തുടങ്ങിയ മുൻസിപ്പാലിറ്റികളിൽ ഉൾപ്പെടെ സൈറൺ മുഴങ്ങാൻ തുടങ്ങിയത്. തുടർന്ന് മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും സൈറൺ ശബ്ദം വ്യാപകമായി. രാവിലെ അഞ്ചിനും രാത്രി എട്ടിനുമിടയിൽ അഞ്ച് തവണ മുഴങ്ങുന്ന നീണ്ട ശബ്ദം പലയിടങ്ങളിലും ജനജീവിതത്തിന്റെ താളക്രമമായി മാറി.
ഘടികാരവും വാച്ചുമെല്ലാം പ്രചാരത്തിലാകും മുമ്പ് മുൻസിപ്പാലിറ്റികളിൽ നിന്നുയരുന്ന സൈറൺ ഏകദേശം എട്ട് കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക് ഏറെ ഉപകാരപ്രഥമായിരുന്നു. തീപിടിത്തം, പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെയുള്ള അപകട സാഹചര്യങ്ങളിലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ഇവ മുഴങ്ങിയിരുന്നു.
എന്നാൽ പുതിയതും ആധുനികവുമായ സംവിധാനങ്ങൾ നിലവിൽ വന്നതോടെ നാടിനെ വിളിച്ചുണർത്തിയ സൈറൺ ക്രമേണ ചടങ്ങ് മാത്രമായി മാറി. മുഖ്യമായും കോർപറേഷനുകളിലും നഗരസഭകളിലുമാണ് സൈറൺ ശബ്ദം ഉയർന്നിരുന്നത്. അതേസമയം, ദുരന്തനിവാരണ അതോറിറ്റി പ്രളയം, കടൽക്ഷോഭം, ഉരുൾപൊട്ടൽ, സുനാമി തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ കുറിച്ച് ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകാൻ കേരളത്തിലെ 126 കേന്ദ്രങ്ങളിൽ ‘കവചം’ എന്ന പേരിൽ അത്യാധുനിക ഡിജിറ്റൽ സൈറനുകൾ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.