ഇരിങ്ങാലക്കുട നഗരസഭയിലെ ഒരു കോടി രൂപയുടെ തട്ടിപ്പ്; പ്രതിയായ ജീവനക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

ഇരിങ്ങാലക്കുട: ഒരു കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനെ കണ്ടെത്താൻ കഴിയാതെ പൊലീസ്. കഴിഞ്ഞ മാസം അവസാനത്തോടെ തട്ടിപ്പ് വ്യക്തമായതോടെ നഗരസഭ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോണത്തുകുന്ന് പയ്യപ്പിള്ളി വീട്ടിൽ ത്രിദീപനെതിരെ (55) കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടാനായില്ല.ഓഡിറ്റ് വിഭാഗം നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ 2024 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലായി 99, 70, 144 രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി വ്യക്തമായിട്ടുണ്ട്.

പരാതി നൽകി ഇരുപതോളം ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ലെന്നത് ദുരുഹമാണെന്ന് നഗരസഭ വൃത്തങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു. പ്രതി ഒളിവിലാണെന്ന വാദം പൊലീസ് നേരത്തെ ഉയർത്തിയെങ്കിലും ഇയാൾ വീട്ടിലും നാട്ടിലും ഉണ്ടെന്ന് നഗരസഭ ജീവനക്കാർ തന്നെ സൂചിപ്പിക്കുന്നുണ്ട്. ക്രമക്കേട് നടത്തിയ പണം തിരിച്ചടക്കൻ അഭ്യർഥിച്ച് നഗരസഭയിലെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ ഇയാളെ ബന്ധപ്പെടുന്നുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

കൃഷി വകുപ്പിൽ നിന്നുള്ള പുനർവിന്യാസ നടപടികളുടെ ഭാഗമായി തദ്ദേശ വകുപ്പിലേക്ക് എത്തിയ ഇയാളെ ക്രമക്കേടുകൾ വ്യക്തമായ ഘട്ടത്തിൽ തന്നെ കൃഷി വകുപ്പ് സസ്പെൻറ് ചെയ്തിരുന്നു. 2014 മുതൽ പ്രതി ഇരിങ്ങാലക്കുട നഗരസഭയിൽ കാഷ്യർ ആയി പ്രവർത്തിച്ച് വരികയായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷം ഇയാൾ നടത്തിയ ഇടപാടുകൾ മാത്രമാണ് ഓഡിറ്റ് വിഭാഗം പരിശോധിച്ചിട്ടുള്ളത്. മുഴുവൻ വർഷങ്ങളിലും ഇയാൾ തന്നെ ഇടപാടുകൾ സംബന്ധിച്ച അന്വേഷണവും വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Tags:    
News Summary - Irinjalakuda Municipality fraud of Rs. 1 crore; Police unable to locate accused employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.