തൃശൂർ പൂരത്തിന്റെ ഭാഗമായി നടന്ന ഇലഞ്ഞിത്തറമേളം
തൃശൂര്‍: വടക്കുന്നാഥന്റെ തിരുമുറ്റം ഒരിക്കല്‍കൂടി പാണ്ടിമേളത്തിന്റെ രൗദ്രതയറിഞ്ഞു. കിഴക്കൂട്ട് അനിയന് മാരാരുടെ പ്രമാണത്തില്‍ മുന്നൂറോളം കലാകാരന്മാര് ചെണ്ടയില്‍ ഒരുമിച്ചുതീര്ത്ത വാദ്യവിസ്മയത്തില് പാറമേക്കാവിന്റെ മേളമായ ഇലഞ്ഞിത്തറമേളം പൂത്തുലഞ്ഞു. ചെമ്പടപാണികൊട്ടി പുറത്തേക്കിറങ്ങിയ പാറമേക്കാവ് ഭഗവതി 15 ആനകളുടെ അകമ്പടിയോടെ കിഴക്കേ ഗോപുര നടയിലൂടെ കടന്ന് ഇലഞ്ഞിക്ക് സമീപം വടക്കോട്ട് അഭിമുഖമായി അണിനിരക്കുമ്പോള്‍ സമയം 2.30. അപ്പോഴേക്കും ഇലഞ്ഞിച്ചുവടും പരിസരവും ആയിരങ്ങളെകൊണ്ട് നിറഞ്ഞിരുന്നു. അനിയന് മാരാരും സംഘവും ചെണ്ടയില്‍ ആദ്യ കോലിട്ടപ്പോള് ആരവമുയര്‍ത്തി ആകാശത്തേക്ക് വിരലുകളെറിഞ്ഞ് മേളപ്രേമികളും. പിന്നെ ഇരുകൂട്ടരും തമ്മിലുള്ള മത്സരമായിരുന്നു. പതികാലത്തില്‍ തുടങ്ങി കുഴമറിഞ്ഞ് കലാശങ്ങള്‍ പിന്നിട്ട പാണ്ടിമേളത്തിന്റെ ആവേശത്തിനൊപ്പം കാണികളും നിരന്നപ്പോള്‍ കാഴ്ചയുടെയും കേള്‍വിയുടെയും മതിവരാകാഴ്ചകളിലൊന്നായത് മാറി. ചെണ്ടയുടെയുടെയും കുഴലിന്റെയും കൊമ്പിന്റെയും ഇലത്താളത്തിന്റെയും വന്യതയില്‍ മേളം മുറുകിയപ്പോള്‍ ആവേശംകൊണ്ട് സുഗന്ധംപൊഴിച്ച് കുഞ്ഞിലഞ്ഞിയും തുള്ളിക്കളിച്ചു. മേളം തുടങ്ങിയ അതേ ആവേശമായിരുന്നു 4.30ന് മേളം അവസാനിക്കുമ്പോഴും.
തൃശൂര്‍: ഇളകിയാര്‍ത്ത മേളപ്രേമികള്‍ക്ക് മുന്നില്‍ കോങ്ങാട് മധുവും സംഘവും പഞ്ചവാദ്യത്തിന്റെ മതിവരാ തിരുമധുരം വിളമ്പിയപ്പോള്‍ ഒരിക്കല്‍കൂടി തിരുവമ്പാടിയുടെ പ്രശസ്തമായ മഠത്തില്‍വരവ് ആവേശകരമായി.രാവിലെ പതിനൊന്നരയോടെ ബ്രഹ്മസ്വം മഠത്തില്‍ ഇറക്കി പൂജക്കുശേഷം തിരുവമ്പാടി ഭഗവതിയെ സാക്ഷിനിര്‍ത്തി മേളപ്രമാണി കോങ്ങാട് മധു തിമിലയില്‍ ആദ്യവിരല്‍ പെരുക്കിയപ്പോള്‍ കൂടിനിന്ന ആയിരങ്ങള്‍ കൈയുയര്‍ത്തി ഹര്‍ഷാരവം പൊഴിച്ചു. പതികാലത്തില്‍ തുടങ്ങി കലാശങ്ങള്‍ പിന്നിട്ട് പഞ്ചവാദ്യം നാദഗോപുരങ്ങള്‍ കൊട്ടിക്കയറിയതോടെ കാഴ്ചക്കാരുടെ ആവേശവും അലതല്ലി. വിശറികള്‍ ഉയര്‍ത്തി പിടിച്ചും കൈത്താളമെറിഞ്ഞും മേളക്കാരുടെ ചുറ്റും കൂടിനിന്ന ആയിരങ്ങള്‍ ഒപ്പത്തിനൊപ്പം കൂടിയപ്പോള്‍ മേടവെയിലില്‍ നിന്നും മേളം കേള്‍ക്കാനെത്തിയവര്‍ക്ക് കുടചൂടി തണല്‍വിരിച്ചുനിന്ന ആലിലകളും താളം പിടിച്ചു. 12.45ന് ബ്രഹ്മസ്വം മഠത്തിന് മുന്നിലെ മേളം പൂര്‍ത്തിയാക്കി മൂന്നാനകളുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിലേക്ക് കയറിയപ്പോള്‍ ആനകളുടെ എണ്ണവും കൂടി. അപ്പോഴേക്കും പുഴപോലെ നടുവിലാലില്‍ നിറഞ്ഞുനിന്ന പൂരപ്രേമികളുടെ മുന്നില്‍ വീണ്ടും പഞ്ചവാദ്യത്തിന്റെ മധുരസംഗീതം ഒഴുകി പരന്നതോടെ പൂരച്ചൂട് മറന്ന് ജനം മേളാരവത്തിലായി. പതിയെ നടുവിലാലില്‍ നിന്നും മഠത്തില്‍വരവ് നായ്ക്കനാലില്‍ എത്തിയപ്പോഴേക്കും സമയം ഉച്ചക്ക് രണ്ട് കഴിഞ്ഞിരുന്നു.
തൃശൂർ പൂരത്തിന്റെ ഭാഗമായി നടന്ന മഠത്തിൽവരവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.