വരൂ, കാണാം.. പച്ചക്കറി കൃഷിയുടെ എൻജിനീയറെ

ഗുരുവായൂർ: ഇലക്ട്രോണിക് എന്‍ജിനീയറായ പുന്നത്തൂര്‍ റോഡ് ഐശ്വര്യനഗറില്‍ മാറോക്കി റിജോഷും കുടുംബവും പച്ചക്കറി കടയിൽ കയറിയിട്ട് മൂന്ന് വർഷമായി. കാരണം മറ്റൊന്നുമല്ല ഒരു കുടുംബത്തിന് വേണ്ടതെല്ലാം ഇവർ സ്വന്തം വീട്ടുവളപ്പിൽ വിളയിക്കുന്നുണ്ട്. വീടി​െൻറ മുറ്റത്തും മട്ടുപ്പാവിലും പറമ്പിലുമായി 60ഓളം ഇനം പച്ചക്കറികളാണ് വളര്‍ത്തുന്നത്. പച്ചപ്പി​െൻറ വേറിട്ട ലോകം തന്നെയാണ് റിജോഷും കുടുംബവും തീര്‍ത്തിട്ടുള്ളത്. വിളയിച്ചെടുക്കുന്ന പച്ചക്കറികളുടെ സമൃദ്ധിയാല്‍ തനതായ ഒരു 'വെജിറ്റബിള്‍ മെനുവും' ഈ കുടുംബം തയ്യാറാക്കിയിട്ടുണ്ട്. മുരിങ്ങക്കറിയാണ് സണ്‍ഡേ സ്പെഷല്‍. ഒപ്പം മുരിങ്ങയിലയുടെയും പയറി​െൻറയും രണ്ടുതരം ഉപ്പേരികളുമുണ്ടാവും. തിങ്കളാഴ്ച വഴുതനങ്ങ തോരനും പച്ചവള്ളിച്ചീരയുടെ ഉപ്പേരിയുമാണ്. കായക്കറിയും ചുവപ്പ് വള്ളിച്ചീര ഉപ്പേരിയുമാണ് ചൊവ്വാഴ്ച. ബുധനാഴ്ച വെണ്ടക്കയുടേതാണ്. വെണ്ടക്ക തീയ്യലും തോരനുമാണ് അന്ന്. വ്യാഴാഴ്ച തക്കാളിക്കായാണ് മാറ്റിവെച്ചിട്ടുള്ളത്. തക്കാളിക്കറി, തക്കാളി വരട്ടിയത്, പച്ചതക്കാളി തോരന്‍ എന്നിങ്ങനെയാണ് വിഭവങ്ങള്‍. വെള്ളിയാഴ്ചയാണ് സാമ്പാര്‍. കൂട്ടിന് പപ്പായയുടെ ഉപ്പേരിയുണ്ടാവും. ശനിയാഴ്ച പാവക്കയുടെ തീയലും തോരനുമാണ്. വിശേഷദിവസങ്ങളൊഴികെയുള്ള ദിവസങ്ങളിലെല്ലാം ഈ മെനുവിലാണ് അടുക്കളയും തീന്‍മേശയും. കപ്പ, കൂര്‍ക്ക, ചേന, കോവല്‍, ഇരുമ്പാന്‍ പുളി എന്നിവയും വിളയുന്നുണ്ട്. കോളിഫ്ലവര്‍, കാബേജ് എന്നിവയും വളര്‍ത്തുന്നുണ്ട്. കഴിഞ്ഞ ഓണാഘോഷ ശേഷം റിജോഷ് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു 'ഇത്തവണ ഓണസദ്യക്ക് അരി മാത്രമാണ് പുറത്തുനിന്ന് വാങ്ങിയത്. അടുത്ത ഓണത്തിന് അരിയും ഞങ്ങള്‍ വിളയിക്കും'. സ്വപ്നം അദ്ദേഹം യാഥാർഥ്യമാക്കുകയും ചെയ്തു. വീടി​െൻറ ഒരു കിലോമീറ്റര്‍ അകലെയുള്ള അര ഏക്കറോളം സ്ഥലത്ത് കരനെൽ കൃഷി സജീവമാണ്. ജൈവവളങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. വിളവേറെയുണ്ടെങ്കിലും കൃഷിയെ വാണിജ്യവത്കരിക്കാന്‍ ഉദ്ദേശ്യമില്ല. വീട്ടിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് മിച്ചം വരുന്നത് സുഹൃത്തുക്കള്‍ക്ക് സമ്മാനിക്കും. റിജോഷി​െൻറ ഭാര്യ ഫെമിന്‍ റോസും മക്കളായ അബിഗേല്‍, അമീലിയ എന്നിവരും മാതാപിതാക്കളായ ജോസും റോസിയും ചേര്‍ന്നാണ് കൃഷിയുടെ പരിപാലനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.