ഗുരുവായൂർ: ഓളപ്പരപ്പിലൂടെ സഞ്ചരിച്ചും കടൽത്തിരകൾക്കൊപ്പം ആടിത്തിമിർത്തും ഉല്ലാസയാത്ര ആഘോഷമാക്കി മുതിർന്ന പൗരന്മാർ. നഗരസഭയിലെ രണ്ടാം വാർഡ് കൗൺസിലർ ഹബീബ് നാറാണത്താണ് വാർഡിലെ 51 വയോജനങ്ങളെ ഉൾപ്പെടുത്തി ഉല്ലാസയാത്ര ഒരുക്കിയത്. ഏനാമാവ് പുഴയിൽ രണ്ടര മണിക്കൂറോളം നീണ്ട ബോട്ട് യാത്രയായിരുന്നു ആദ്യ പരിപാടി. ആദ്യമായി ബോട്ടിൽ കയറുന്നവർവരെ കൂട്ടത്തിലുണ്ടായിരുന്നു. ഉച്ചഭക്ഷണവും ബോട്ടിൽ തന്നെയായിരുന്നു. തുടർന്ന് തളിക്കുളം സ്നേഹതീരത്തേക്ക്. ആടിയും പാടിയും ആഹ്ലാദം പങ്കുവെച്ചുമായിരുന്നു യാത്ര. വാർഡിലെ മൂന്ന് അംഗൻവാടികളുടെ പരിധിയിൽ ഉള്ളവരെയാണ് യാത്രയിൽ ഉൾപ്പെടുത്തിയത്. യാത്രക്കായി ബസും ഏർപ്പാടാക്കിയിരുന്നു. വിശ്രമ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളാണ് യാത്ര സമ്മാനിച്ചതെന്ന് പങ്കെടുത്തവർ പറഞ്ഞു. പ്രായമായവരെ മാറ്റിനിർത്തരുതെന്നും അവർക്ക് സന്തോഷം നൽകാനായി കഴിയുന്നതെല്ലാം ചെയ്യണമെന്നുമുള്ള സന്ദേശം നൽകാനാണ് യാത്ര സംഘടിപ്പിച്ചതെന്ന് ഹബീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.