ഒല്ലൂർ നിയോജക മണ്ഡലം സ്ഥാനാർഥി കെ. രാജനെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന എൽ.ഡി.എഫ് പ്രവർത്തകർ
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ വർഗീയതയെ പുൽകിയതിന്റെ പേരിൽ നിരന്തരം പഴികേട്ടതിന്റെ അനുഭവത്തിൽ ചരിത്രം തിരുത്തി തൃശൂർ ജില്ല. കേരളം മുഴുവനും യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോഴും ഇടതുപക്ഷത്തോടൊപ്പം നിൽക്കുകയും യു.ഡി.എഫിന് അനിവാര്യമായ സീറ്റുകൾ സമ്മാനിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് ഫലമാണ് തൃശൂരിൽനിന്ന് കാണാനാകുന്നത്. എൻ.ഡി.എ മുന്നണിയെ അകറ്റിനിർത്തുന്നതിൽ അതീവ ജാഗ്രതയും ജില്ലയിലെ പ്രബുദ്ധരായ വോട്ടർമാർ പുലർത്തി.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ഉൾപ്പെട്ട ഏഴ് നിയോജക മണ്ഡലങ്ങളിൽ ഗുരുവായൂർ ഒഴികെ എല്ലായിടത്തും ബി.ജെ.പി ആയിരുന്നു മുന്നിൽ. സുരേഷ് ഗോപിയെ മികച്ച ഭൂരിപക്ഷത്തിലാണ് അന്ന് തൃശൂർ വിജയിപ്പിച്ചത്. പൂരം കലക്കിയാണ് ബി.ജെ.പി വോട്ട് നേടിയതെന്ന് രാഷ്ട്രീയ എതിരാളികൾ ആക്ഷേപിച്ചെങ്കിലും അതല്ലായിരുന്നു വാസ്തവം.
നാട്ടിക നിയോജക മണ്ഡലം സ്ഥാനാർഥി ഗീതാ ഗോപിയെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന എൽ.ഡി.എഫ് പ്രവർത്തകർ
ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയിൽനിന്നടക്കം ബി.ജെ.പിക്ക് അന്ന് വ്യാപകമായി വോട്ടുകൾ ലഭിച്ചിരുന്നു. അതെല്ലാം കീഴ്മേൽ മറിഞ്ഞു എന്നാണ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനകൾ. ജില്ലയിലെ ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ പൂർണമായും യു.ഡി.ഫിന് അനുകൂലമായി മണലൂർ, കൊടുങ്ങല്ലൂർ, ഗുരുവായൂർ മണ്ഡലങ്ങളിൽ ന്യൂനപക്ഷ വോട്ടുകൾ എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾക്ക് വീതിച്ചു പോയി എന്നതിന്റെ തെളിവാണ് ഫലപ്രഖ്യാപനത്തിൽ അവസാന നിമിഷം വരെ ഈ മണ്ഡലങ്ങളിൽ നിലനിന്ന ഉദ്വേഗ നിമിഷങ്ങൾ. ബി.ജെ.പിയിലേക്ക് ഒഴുകിയ വോട്ടുകൾ തിരികെ മതനിരപേക്ഷ കക്ഷികളിലേക്ക് എത്തിച്ചേർന്നു എന്നാണ് ജില്ലയിലെ 13 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.
കേന്ദ്ര സഹമന്ത്രി ആയെങ്കിലും ജില്ലയിലെ വോട്ടർമാരെ ആകർഷിക്കാൻ സുരേഷ് ഗോപിക്കോ ബി.ജെ.പിക്കോ സാധിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ തണുപ്പൻ സമീപനമായിരുന്നു ബി.ജെ.പിയുടേത്. അതിന്റെ ആവർത്തനമാണ് ഈ തെരഞ്ഞെടുപ്പിലും പ്രകടമായത്. തൃശൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി പത്മജ വേണുഗോപാൽ ശക്തയായ സ്ഥാനാർഥിയാകും എന്നായിരുന്നു പ്രതീക്ഷ. ഇരുമുന്നണികളെയും പിന്തള്ളി ആദ്യം തന്നെ സ്ഥാനാർഥി പ്രഖ്യാപനവും പ്രചാരണവും ബി.ജെ.പി നടത്തിയിരുന്നു. എന്നാൽ, പിന്നീട് തണുപ്പൻ പ്രതികരണമാണ് കണ്ടത്. ഫലം വന്നപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഗുരുവായൂരിൽ പ്രചാരണ കാലത്ത് മുഴുവൻ വർഗീയ പരാമർശങ്ങളിൽ മുന്നിലായിരുന്നു ബി.ജെ.പി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. എതിർ സ്ഥാനാർഥികൾ മുസ്ലിംകൾ ആയിരുന്നു എന്നാതായിരുന്നു മുഖ്യ ഉന്നം. അതിനെയെല്ലാം വോട്ടർമാർ തൂത്തെറിഞ്ഞു. സിറ്റിങ് സീറ്റുകളിൽ ഒരെണ്ണം മാത്രമാണ് സി.പി.എമ്മിന് നഷ്ടമായത് എന്ന് ആശ്വസിക്കാമെങ്കിലും ഇരിങ്ങാലക്കുടയിലെ തോൽവി അൽപം കനത്തതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയും സി.പി.എമ്മിന്റെ മുതിർന്ന മുഖവുമായ ഡോ. ആർ. ബിന്ദുവാണ് വലിയ പരാജയം ഏറ്റുവാങ്ങിയത്. കൊല്ലം കഴിഞ്ഞാൽ സി.പി.ഐയുടെ കോട്ട എന്നറിയപ്പെട്ടിരുന്ന തൃശൂരിൽ അവർക്കും ഇക്കുറി കനത്ത നഷ്ടം സംഭവിച്ചു. തൃശൂർ, കൊടുങ്ങല്ലൂർ മണ്ഡലങ്ങൾ അവർക്ക് കൈവിട്ടുപോയി.
തൃശൂർ മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫിലെ രാജൻ ജെ. പല്ലൻ പ്രവർത്തകരെ ആലിംഗനം ചെയ്യുന്നു. ഫോട്ടോ ടി.എച്ച്. ജദീർ
അതിതീവ്ര ഹിന്ദുത്വക്ക് പിടികൊടുക്കാതെ
തൃശൂർ: അതിതീവ്ര ഹിന്ദുത്വയുടെ പരീക്ഷണശാലയാക്കി മാറ്റാനുള്ള എല്ലാ തയാറെടുപ്പും ഹിന്ദുത്വ സംഘടനകൾ തൃശൂരിൽ തുടങ്ങിയിരുന്നു. ഉത്തരേന്ത്യയിൽ വ്യാപകമായി കണ്ടുവരുന്ന ഹിന്ദുത്വ സംഘടനകളായ അഖാഡകളുടെ പ്രവർത്തനം ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തൃശൂരിൽ തുടങ്ങിയിരുന്നു. ഈ അഖാഡയാണ് മലപ്പുറത്ത് യു.പി മോഡൽ കുംഭമേള സംഘടിപ്പിച്ചത്.
ജില്ലയിലെ പ്രമുഖ ക്ഷേത്ര ഭരണസമിതി ഭാരവാഹികളെ ഉൾപ്പെടുത്തി നിരന്തര യോഗങ്ങളും രാഷ്ട്രീയ പരിപാടികളും അഖാഡ സംഘടിപ്പിച്ചിരുന്നു. ഇതൊന്നും ഫലം കണ്ടില്ലെന്നാണ് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ബോധ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.