തൃശൂർ പൊലീസ് അക്കാദമിയിൽ നടന്ന സബ് ഇൻസ്പെക്ടർമാരുടെ പാസിങ് ഔട്ട് പരേഡിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖര്‍ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നു

60 സബ് ഇന്‍സ്‌പെക്ടര്‍മാര്‍കൂടി കേരള പൊലീസ് സേനയിലേക്ക്; പാസിങ് ഔട്ട് പരേഡ് നടത്തി

തൃശൂർ: കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 32-എ ബാച്ചിലെ 60 സബ് ഇന്‍സ്‌പെക്ടര്‍ പരിശീലനാർഥികളുടെ പാസിങ് ഔട്ട് പരേഡ് തൃശൂർ പൊലീസ് അക്കാദമി മുഖ്യ പരേഡ് ഗ്രൗണ്ടില്‍ നടന്നു. സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. അക്കാദമി ഡയറക്ടര്‍ കെ. സേതുരാമനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

അക്കാദമി അസി. ഡയറക്ടര്‍ (ഔട്ട്‌ഡോര്‍) സി.പി. അജിത്ത് കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ട്രോഫികള്‍ സമ്മാനിച്ചു. ബെസ്റ്റ് ഔട്ട്‌ഡോറും ബെസ്റ്റ് ഷൂട്ടറുമായി എം.പി. നവനീത്, ബെസ്റ്റ് ഇന്‍ഡോറായി കെ.പി. കീര്‍ത്തന, ബെസ്റ്റ് ഓള്‍റൗണ്ടറായി ബേസില്‍ പോള്‍ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

കെ.എ.പി-2 ബറ്റാലിയന്‍ ബാന്‍ഡ് മാസ്റ്റര്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.വി. സുബേഷ്, കെ.എ.പി-3 ബറ്റാലിയന്‍ ബാൻഡ് മാസ്റ്റര്‍ സബ് ഇന്‍സ്‌പെക്ടര്‍ എം.കെ. ശശി എന്നിവരുടെ നേതൃത്വത്തിലുള്ള ബാൻഡ് സംഘം പരേഡിന് താളവാദ്യ അകമ്പടി സേവിച്ചു.

2025 ഏപ്രില്‍ മൂന്നിനാണ് 32-എ ബാച്ച് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പരിശീലനം പൊലീസ് അക്കാദമിയില്‍ ആരംഭിച്ചത്. 60 പരിശീലനാർഥികളില്‍ 47 പുരുഷന്മാരും 13 വനിതകളും ഉള്‍പ്പെടുന്നു. ഇവരില്‍ 13 പേര്‍ വിവാഹിതരാണ്. പരിശീലനം പൂര്‍ത്തിയാക്കി കേരള പൊലീസിന്റെ ഭാഗമാകുന്ന 32 ബാച്ചിലും ഉന്നത വിദ്യാഭ്യാസം നേടിയ നിരവധി പേരാണുള്ളത്. 12 പി.ജി ബിരുദമുളളവരും 25 ബിരുദമുള്ളവരും ഒരു എം.ബി.എ, രണ്ട് എം.ടെക്, 20 ബി.ടെക് ബിരുദം നേടിയവരും ഉള്‍പ്പെടുന്നു.

Tags:    
News Summary - 60 more sub-inspectors join Kerala Police force; passing out parade held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.