തൃശൂർ/കുന്നംകുളം: ആനയെഴുന്നള്ളിപ്പിന് കർശന നിർദേശങ്ങളുമായി വനംവകുപ്പ്. ആനപ്പുറത്തിരുന്ന് പൂത്തിരി പോലുള്ളവ കത്തിക്കുന്നതും എൽ.ഇ.ഡി ഘടിപ്പിച്ച കോലം, മാല എന്നിവ അണിയിക്കുന്നതും വകുപ്പ് വിലക്കി. ഉത്സവാഘോഷങ്ങളിൽ ആനകളെ എഴുന്നള്ളിപ്പിക്കാൻ ജില്ല മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണമെന്നും അസി. കൺസർവേറ്ററുടെ സാന്നിധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ഉത്സവാഘോഷ കമ്മിറ്റി പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. ഉത്സവാഘോഷങ്ങൾക്ക് തുടക്കമായിരിക്കെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഉത്സവ സംഘാടകരുടെയും യോഗം ചേർന്നത്. ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച് ജില്ല മോണിറ്ററിങ് കമ്മിറ്റിക്ക് ഒരു മാസം മുമ്പ് വിശദാംശങ്ങളോടെ അപേക്ഷ നൽകണം. സ്ഥലവും സൗകര്യങ്ങളും സുരക്ഷയും സംബന്ധിച്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമെ അനുമതി നൽകൂ. ഉത്സവാഘോഷങ്ങൾ ജില്ല വെറ്ററിനറി ഓഫിസിലും അറിയിക്കണം. ആനകളെ കൊണ്ടുവരുന്ന വാഹനം, പാപ്പാൻമാരുടെ ശാരീരിക പരിശോധന എന്നിവ പൊലീസ് ഉറപ്പു വരുത്തണം. ആനകളെ എഴുന്നള്ളിക്കുന്നതും ആഘോഷ പരിപാടികൾ കടന്നുപോവുന്ന വഴികളെ കുറിച്ചും ജില്ല പൊലീസ് മേധാവിയെ അറിയിക്കണം. പഴഞ്ഞി പെരുന്നാളിനോടനുബന്ധിച്ച് ഇലക്ട്രിക് പൂത്തിരി ആനപ്പുറത്തിരുന്ന് കത്തിച്ചതിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇക്കാര്യവും അസി. കൺസർവേറ്റർ യോഗത്തിൽ ഉന്നയിച്ചു. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽെപട്ടാൽ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം യോഗത്തിൽ അറിയിച്ചു. അസി. കൺസർവേറ്റർ എ. ജയമാധവൻ, നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, ഡിവൈ.എസ്.പി പി. വിശ്വംഭരൻ, ആന തൊഴിലാളി യൂനിയൻ സംസ്ഥാന ജന.സെക്രട്ടറി പി.എം. സുരേഷ്, ഫെസ്റ്റിവൽ കോഓഡിനേഷൻ ജന. സെക്രട്ടറി വൽസൻ ചമ്പക്കര, പ്രഫ. എൻ. രാധാകൃഷ്ണൻ, വിവിധ ഉത്സവാഘോഷ സംഘാടകർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.