തൃശൂർ: മാർക്സിസ്റ്റ് ചിന്തകനും സാഹിത്യ നിരൂപകനുമായിരുന്ന പ്രഫ. വി. അരവിന്ദാക്ഷെൻറ അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച നടക്കും. പ്രഫ. അരവിന്ദാക്ഷൻ സ്മാരക പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ ടി.എം. കൃഷ്ണക്ക് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി സമ്മാനിക്കും. വൈകീട്ട് നാലിന് തൃശൂർ റീജനൽ തിയറ്ററിലാണ് പരിപാടി. ഡോ. സുനിൽ പി. ഇളയിടം സ്മാരക പ്രഭാഷണം നടത്തും. പ്രഫ. വി. അരവിന്ദാക്ഷൻ ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. ത്യാഗരാജ വൈഭവം, കല സാഹിത്യം, പ്രതിരോധം, സമന്വയവും സംഘർഷവും, സ്വരങ്ങളുടെ ശാസ്ത്രം തുടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. തുടർന്ന് ടി.എം. കൃഷ്ണയുടെ സംഗീതക്കച്ചേരിയും നടക്കും. അനുസ്മരണത്തോടനുബന്ധിച്ച് കോളജ് വിദ്യാർഥികൾക്കായി നടത്തിയ ഇംഗ്ലീഷ് ലേഖന മത്സരത്തിൽ പോണ്ടിച്ചേരി സെൻട്രൽ യൂനിവേഴ്സിറ്റി എം.എ ഇംഗ്ലീഷ് വിദ്യാർഥി അഭിജിത് എൻ. അർജുനൻ ഒന്നാം സ്ഥാനം നേടി. ശാരിക പരമേശ്വരൻ (എം.എ ഇംഗ്ലീഷ്, യൂനിവേഴ്‌സിറ്റി കോളജ് തിരുവനന്തപുരം), അനുമോൾ (എം.എ ഇംഗ്ലീഷ്, പിജി സെൻറർ തൃശൂർ) എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 5000, 3000, 2000 രൂപയുടെ കാഷ് പ്രൈസും സർട്ടിഫിക്കറ്റും സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.