തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ ഒരാളായിരുന്നു തൃശൂർ മണ്ഡലത്തിൽ പത്മജ വേണുഗോപാൽ. കേരളത്തിൽ ആദ്യമുയർന്ന ചുവരെഴുത്തും പത്മജക്ക് വേണ്ടിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഇവിടെയെത്തി പ്രചാരണം നടത്തി. എന്നിട്ടും അവർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.പഴുതടച്ച പ്രവർത്തനങ്ങളാണ് ബി.ജെ.പി തൃശൂരിൽ കാഴ്ചവെച്ചത്. എന്നിട്ടും അടിപതറി. ഹിന്ദുത്വയുടെ എല്ലാത്തരം പരീക്ഷണങ്ങൾക്കും തുടക്കം കുറിച്ച മണ്ണിൽ കാവിക്ക് നിറം മങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കണക്കുകൾ അത് കൂടുതൽ വ്യക്തമായി നൽകും.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 3,30,452 വോട്ടുകൾ ജില്ലയിൽ ബി.ജെ.പി നേടിയിരുന്നു. ഇത് 2024ലെ ലോക്സഭ മത്സരത്തിലേക്ക് എത്തിയപ്പോൾ ഗണ്യമായി വർധിച്ചു. ജില്ലയിൽ ആകെ 5,55,007 വോട്ടുകൾ അവർ നേടി. തൃശൂർ ലോക്സഭ മണ്ഡലം, ആലത്തൂർ, ചാലക്കുടി ലോക്സഭ മണ്ഡലങ്ങളിലെലെ ജില്ലയിലെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ലഭിച്ച വോട്ടുകൾ കൂടി കൂട്ടിയ കണക്കാണിത്. ഇത്രത്തോളം മികവ് പുലർത്തിയില്ലെങ്കിലും 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ട് നേടാൻ അവർക്കായി. ജില്ലയിലാകെ 3,96,808 വോട്ടുകൾ എൻ.ഡി.എ നേടി. എന്നാൽ, ഈ നിയമസഭ തെരഞ്ഞെടുപ്പിൽ 3,55,757 വോട്ടുകൾ മാത്രമാണ് ജില്ലയിൽ എൻ.ഡി.എ മുന്നണിക്ക് നേടാനായത്-17.94 ശതമാനം വോട്ട്.
2021ലെ തെരഞ്ഞെടുപ്പിനേക്കാൾ 25,305 വോട്ടുകൾ അധികം നേടിയെങ്കിലും ജില്ലയിൽ ഒരു ചലനവും സൃഷ്ടിക്കാൻ സംഘ്പരിവാറിനായില്ല. ഈ വർധനയിൽതന്നെ വലിയൊരു പങ്ക് അവസാന നിമിഷം ഇടതുപാളയംവിട്ട് ബി.ജെ.പിയിൽ ചേക്കേറിയ നാട്ടിക മണ്ഡലം സ്ഥാനാർഥി സി.സി. മുകുന്ദൻ സമ്മാനിച്ചതാണ്. അതാകട്ടെ പാർട്ടി വോട്ടുകൾ ആണെന്ന് ആശ്വസിക്കാനും തരമില്ല. മുന്നണിയിലെ ഘടകകക്ഷിയായ ട്വന്റി ട്വന്റിക്ക് ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ വ്യാപകമായി വോട്ട് കുറയുകയും ചെയ്തു.
ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ഒന്നാമതെത്തിയ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ബി.ജെ.പിക്ക് ഗണ്യമായി വോട്ട് കുറഞ്ഞു. ഒരിടത്തുപോലും രണ്ടാമതും എത്താനായില്ല. തണുപ്പൻ പ്രചാരണങ്ങളും ലോക്സഭയിൽ പിന്തുണച്ച ക്രിസ്ത്യൻ വിഭാഗം മാറി വോട്ട് ചെയ്തതും ബി.ജെ.പിക്ക് ക്ഷീണമുണ്ടാക്കി.കേന്ദ്ര സഹമന്ത്രിയായിട്ടുകൂടി സുരേഷ് ഗോപിക്ക് വേണ്ടത്ര മികവ് പുലർത്താൻ കഴിയാതിരുന്നതും പെട്രോളിയം സഹമന്ത്രിയുടെ വീട്ടിലേക്ക് നടന്ന ഇന്ധനക്ഷാമ പ്രതിഷേധ സമരങ്ങളും മാധ്യമങ്ങളിൽ വലിയ വാർത്ത ആയില്ലെങ്കിലും ജനങ്ങൾക്കിടയിൽ പ്രചരിച്ചു എന്നു വേണം മനസ്സിലാക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.