റാന്നി-ചെത്തോങ്കര-അത്തിക്കയം റോഡ് വികസനപദ്ധതി തുടങ്ങി

റാന്നി: റാന്നി-ചെത്തോങ്കര-അത്തിക്കയം റോഡ് ഉന്നത നിലവാരത്തിൽ വികസിപ്പിക്കുന്നതിനുള്ള പണി ആരംഭിച്ചു. റോഡ് നിർമാണത്തിൻെറ ആദ്യപടി ചെത്തോങ്കര ഭാഗത്തുനിന്ന് തുടങ്ങി. ഇവിടെ വയൽഭാഗത്തോടുചേർന്ന് വലിയ തോട്ടിൽ ചേരുന്ന കൈത്തോട് തെളിച്ചുവശം കെട്ടി ബലപ്പെടുത്തുന്ന പണികളാണ് നടക്കുന്നത്. തുടർന്ന് റോഡിൻെറ മറ്റു ഭാഗങ്ങളിലും പണി തുടങ്ങും. ശബരിമല തീർഥാടകർ ഏറെ ഉപയോഗിച്ചുവന്ന റോഡ് റാന്നി പഴയപാലത്തിൻെറ തകർച്ചയെത്തുടർന്നാണ് ശബരിമല റോഡുകളുടെ ലിസ്റ്റിൽപെടുത്തിയത്. ചെത്തോങ്കര മുതൽ അത്തിക്കയം വരെ 7.4 കിലോമീറ്റർ റോഡിൻെറ നിർമാണ കരാർ പാലത്ര കൺസ്ട്രക്ഷൻ ഗ്രൂപ്പാണ് ഏറ്റെടുത്തിരിക്കുന്നത്. 6.39 കോടിയാണ് കരാർ തുക. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയെയും അത്തിക്കയം പാലം-പൂവത്തുമൂട് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡ് മുക്കട-ഇടമൺ-അത്തിക്കയം, അത്തിക്കയം-വെച്ചൂച്ചിറ, അടുത്തിടെ നിർമാണം പൂർത്തിയാക്കിയ പമ്പാ നദീതീരദേശ റോഡ് എന്നിവയുമായും ബന്ധപ്പെട്ടുകിടക്കുന്നു. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ആറുമീറ്റർ വീതിയിലാകും റോഡ് ടാറിങ്. പഴയ ടാറിങ്ങിന് 4.5 മീറ്റർ വീതിയാണുള്ളത്. ഇതോടൊപ്പം അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കും. വശങ്ങൾ വീതികൂട്ടി കോൺക്രീറ്റ് ചെയ്യുക, ട്രാഫിക് സൈൻ ബോർഡുകൾ സ്ഥാപിക്കുക എന്നിവയും പദ്ധതിയിലുണ്ട്. ഭാവിയിൽ എട്ട് മുതൽ 12 മീറ്റർ വരെ വീതിയിൽ റോഡ് വികസിപ്പിക്കുകയാണ് ലക്ഷ്യമെങ്കിലും വീതി കൂട്ടുമ്പോൾ നഷ്ടപ്പെടാവുന്ന വസ്തു ഉടമകളുടെ മതിലുകളുംമറ്റും വീണ്ടും പുനഃസ്ഥാപിച്ചുനൽകാൻ തുക തികയില്ല. ആദ്യഘട്ടത്തിൽ ടാറിങ് നടത്തിയശേഷം ഫണ്ട് ലഭ്യമാകുന്നമുറക്ക് ബാക്കി വികസനം പൂർത്തിയാക്കുകയാണ് ലക്ഷ്യം. റോഡിന് മതിയായ വീതി ലഭ്യമാകുന്നതിനായി ഭൂമി സൗജന്യമായി വിട്ടുനൽകാൻ സമീപവാസികൾ തയാറായതിനെത്തുടർന്ന് സ്ഥലം അളന്ന് കുറ്റിെവച്ചിരുന്നു. നവംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മഴക്കാലം മാറിയാലുടൻ പണി ദ്രുതഗതിയിൽ പൂർത്തിയാക്കും. എന്നാൽ, ടാറിങ്ങിനായി ആഴ്ചകളോളം റോഡ് അടച്ചിടേണ്ട സാഹചര്യമുണ്ടായാൽ ബദൽ മാർഗം തുറക്കാൻ അധികൃതർ തയാറാകേണ്ടതുണ്ട്. കിഴക്കൻ മേഖലയിൽനിന്ന് താലൂക്ക് ആസ്ഥാനത്തേക്കുള്ള എകയാത്രാമാർഗമാണിത്. ബദൽ മാർഗമായി ഇട്ടിയപ്പാറയിൽനിന്ന് ഒഴുവൻപാറ നാറാണംമൂഴിവഴി പോകാവുന്ന വനം റോഡുണ്ടെങ്കിലും തകർന്നു നശിച്ചുകിടക്കുന്ന റോഡിൽ അറ്റകുറ്റപ്പണികളും അത്യാവശ്യ സ്ഥലങ്ങളിലെങ്കിലും ടാറിങ്ങും നടത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.