റാന്നി: കുടുംബശ്രീ മിഷനും വിജ്ഞാന കേരളവും ആരോഗ്യവകുപ്പും നടപ്പാക്കുന്ന ഷീ റൈസ് സാന്ത്വനമിത്ര പദ്ധതിക്ക് റാന്നിയിൽ തുടക്കം.
റാന്നി മണ്ഡലത്തിലെ സ്ത്രീകളുടെ മുന്നേറ്റം ലക്ഷ്യമാക്കി അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ആവിഷ്കരിച്ചു നടപ്പാക്കുന്ന ഷീ റൈസ് പദ്ധതിയുടെ ഭാഗമായാണ് സാന്ത്വനമിത്ര റാന്നിയിൽ നടപ്പാക്കുന്നത്. വെച്ചൂച്ചിറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു തോമസ് അധ്യക്ഷതവഹിച്ചു.
കിടപ്പ് രോഗികളെ പരിചരിക്കുന്നതിന് കുടുംബശ്രീ അംഗങ്ങൾക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കി വരുമാനം ഉറപ്പാക്കുന്നതാണ് പദ്ധതിയാണിത്. മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ വെച്ചൂച്ചിറ, നാറാണമൂഴി, അങ്ങാടി എന്നീ പഞ്ചായത്തുകളിലെ 20 പേർക്ക് 10 ദിവസത്തെ പരിശീലനമാണ് നൽകുന്നത്.
വെച്ചൂച്ചിറ കമ്യൂണിറ്റി ഹെൽത്ത് സെന്റർ എൻ.എച്ച്.എം നഴ്സ് സ്മിത പി. നായർ, പാലിയേറ്റിവ് കെയർ നഴ്സ്മാരായ അജിത മുരളി, സൂസൻ സജി, ഫിസിയോതെറാപ്പിസ്റ്റ് ഡോ. ശ്യാമിലി എന്നിവരാണ് നേതൃത്വം നൽകുന്നത്. ജില്ല കുടുംബശ്രീ മിഷന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കാൾ സെന്ററുകൾ മുഖേന ഉപഭോക്താക്കൾക്ക് സേവനം ആവശ്യപ്പെടാവുന്നതാണ്.
കുടുംബശ്രീ ജില്ല മിഷൻ അസിസ്റ്റന്റ് കോഓഡിനേറ്റർ കെ. ബിന്ദുരേഖ, പ്രോഗ്രാം മാനേജർ അർജുൻ സോമൻ, ബ്ലോക്ക് കോഓഡിനേറ്റർ ജിജിന, പാലിയേറ്റിവ് ജില്ല കോഓഡിനേറ്റർ ഐശ്വര്യ എം. രാജൻ, മെഡിക്കൽ ഓഫിസർ ശ്രേയ, വെച്ചൂച്ചിറ കമ്യൂണിറ്റി ഹെൽത്ത് സെന്റർ ഹെൽത്ത് ഇൻസ്പെക്ടർ മാത്യു ജൂബി ഹെൽത്ത് സൂപ്പർവൈസർ ഷൈല ബീവി, കുടുംബശ്രീ എം.ഇ.സി രാധിക കെ. അജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.