പത്തനംതിട്ട ഭക്ഷ്യ സുരക്ഷ ലാബ്
പത്തനംതിട്ട: ഉദ്ഘാടനം കഴിഞ്ഞ പത്തനംതിട്ട ഭക്ഷ്യ സുരക്ഷ ലാബ് പ്രവർത്തനം പേരിൽ മാത്രം. പത്തനംതിട്ട മേലേവെട്ടിപ്പുറം അണ്ണായിപ്പാറയിൽ 11 സെന്റ് വസ്തുവിലാണ് നവംബറിൽ പുതിയ ലബോറട്ടറി പ്രവർത്തനം ആരംഭിച്ചത്.
ലാബ് ആരംഭിച്ചിട്ടും ഉദ്ദേശിച്ച ലക്ഷ്യം ഇതുവരെ കൈവരിക്കാനായില്ല. ആധുനിക സൗകര്യങ്ങളോടെയാണ് മൂന്ന് കോടി ചെലവിലാണ് ലാബ് സജജീകരിച്ചത്. പരിശോധന കൃത്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി ആധുനിക ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
ഭക്ഷ്യ വസ്തുക്കളുടെ പരിശോധന ഫലം നിയമപരമായി ആധികാരികമാകാൻ എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ലഭിക്കേണ്ടതാണ്. എൻ.എ.ബി.എൽ അംഗീകാരം ലഭിച്ച ലബോറട്ടറികളുടെ പരിശോധന റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയുള്ള നടപടികൾക്ക് നിയമ സാധുതയുള്ളൂ. എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ഇല്ലാത്തതിനാൽ, പരിശോധനയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തുന്ന ഭക്ഷ്യ വസ്തുക്കൾ ഉൽപാദിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നവർക്കെതിരേ നിയമ നടപടികൾ കൈക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതോടെ ലാബിന്റെ പരിശോധന റിപ്പോർട്ടുകൾ പ്രഹസനമായി മാറുകയാണ്.
ലാബിൽ ആവശ്യമായ ഉദ്യോഗസ്ഥ സാങ്കേതിക തസ്തികകൾ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഇതിന്റെ ഫലമായി, ഭക്ഷ്യ വസ്തുക്കളുടെ പരിശോധന നാമമാത്രമായിത്തീരുകയാണ്. നിർബന്ധമായ പരിശോധനകൾക്കായി തിരുവനന്തപുരം റീജിനൽ ലാബിലേക്ക് അയക്കേണ്ടതിനാൽ തിരുവനന്തപുരം ലാബിലെ ഉദ്യോഗസ്ഥരുടെ ജോലി ഭാരവും ഇരട്ടിക്കുന്നു.
ലാബിൽ സ്വകാര്യ വ്യക്തികൾ സമർപ്പിക്കുന്ന ഭക്ഷ്യ സാമ്പിളുകൾ ഫീസ് ഈടാക്കിയാണ് പരിശോധിക്കുന്നത്. ഈ ഇനത്തിൽ സർക്കാരിന് വൻ വരുമാനം ലഭിക്കുന്ന സാഹചര്യമുള്ളതിനാൽ, തസ്തികകൾ സൃഷ്ടിക്കുന്നതിലൂടെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യ വസ്തുക്കളുടെ പരിശോധന കാര്യക്ഷമമല്ലെന്ന ആക്ഷേപം സംസ്ഥാനത്ത് വ്യാപകമാണ്. ഭക്ഷ്യ സുരക്ഷ ഓഫിസർമാർക്ക് ആനുപാതികമായി ടെക്നിക്കൽ സ്റ്റാഫുകളുടെ ലഭ്യക്കുറവാണ് പ്രധാന കാരണം. കൃത്യമായ ഇടവേളകളിൽ ഭക്ഷ്യ വസ്തുക്കളുടെ ശാസ്ത്രീയ പരിശോധന നിർബന്ധമായും നടത്തപ്പെടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.