കോഴിക്കോട്: മേക് ഇൻ ഇന്ത്യയെക്കുറിച്ച് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം വസ്ത്രങ്ങൾ ആസ്ട്രേലിയയിൽനിന്നും ലണ്ടനിൽനിന്നുമാണ് വാങ്ങുന്നതെന്ന് നടി ഖുശ്ബു പറഞ്ഞു. മേക് ഇന്ത്യയെക്കുറിച്ച് പറയണമെങ്കിൽ ആദ്യം ലോകം ചുറ്റിയടിക്കാതെ ഇന്ത്യയിൽ നിൽക്കണം. യു.പിയിലും ബിഹാറിലും തെരഞ്ഞെടുപ്പെത്തുമ്പോൾ ഭായിയോം ഓർ ബഹനോം എന്നു വിളിച്ചെത്തുകയും അതുകഴിഞ്ഞ് സ്ഥലം വിടുകയും ചെയ്യുന്നയാളാണ് മോദി. യു.പി.എ രാജ്യം ഭരിച്ചിരുന്ന കാലത്തുണ്ടായിരുന്ന അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഇന്നില്ലെന്നും ആരെങ്കിലും ബി.ജെ.പിയെക്കുറിച്ച് പറഞ്ഞാൽ അവരെ രാജ്യദ്രോഹിയാക്കി പാകിസ്താനിലേക്ക് പറഞ്ഞയക്കുകയാണെന്നും അവർ പറഞ്ഞു. വർധിച്ചുവരുന്ന അക്രമസംഭവങ്ങൾക്കെതിരെ കോഴിക്കോട് ഡി.സി.സി സംഘടിപ്പിച്ച പ്രതിഷേധ സമരസാക്ഷ്യം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബി.ജെ.പിയുടെ അസഹിഷ്ണുതയുടെ ഇരയാണ് താൻ. ജനാധിപത്യത്തെക്കുറിച്ച് സംസാരിച്ചപ്പോൾ നീയൊരു മുസ്ലിമാണെന്നും പാകിസ്താനിലേക്ക് പോകണമെന്നും അവരെന്നോടു പറഞ്ഞു. എന്നാൽ, താനൊരു ഇന്ത്യക്കാരിയാണ്. ഇവിടെയാണ് താൻ ജനിച്ചതും മരിക്കുന്നതും. മതത്തിെൻറയും ജാതിയുടെയും പേരിൽ രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയാണ് ആർ.എസ്.എസ് എന്നും ജനാധിപത്യം പതിയെ മരിച്ചുകൊണ്ടിരിക്കുകയാണെന്നും ഖുശ്ബു കൂട്ടിച്ചേർത്തു. ഒരു ഭാഗത്ത് സദാചാര പൊലീസ് അഴിഞ്ഞാടുകയും മറുഭാഗത്ത് സ്ത്രീകൾ ആക്രമിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് നാട്ടിലുള്ളതെന്ന് എഴുത്തുകാരൻ ടി.പി. രാജീവൻ പറഞ്ഞു. സംസ്ഥാനത്തെ മിക്ക കോളജിലും സദാചാര പൊലീസാവുന്നത് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയുമാണെന്ന് അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിർഭാഗ്യകരമാണെന്ന് ആർ.എം.പി നേതാവ് കെ.കെ. രമ പറഞ്ഞു. ഇതിന് പിന്നിലുള്ള മാഫിയയുടെ നേരെയുള്ള അന്വേഷണത്തെ അദ്ദേഹം ഭയക്കുന്നു. ക്രിമിനലുകൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ ഏത് സർക്കാറാണെങ്കിലും തയാറാവണമെന്നും അവർ കൂട്ടിച്ചേർത്തു. കിഡ്സൺ കോർണറിൽ നടന്ന പരിപാടിയിൽ ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷതവഹിച്ചു. അഡ്വ.പി.എം. സുരേഷ്ബാബു, എൻ. സുബ്രഹ്മണ്യൻ, അഡ്വ.കെ. പ്രവീൺകുമാർ, അഡ്വ.കെ. ജയന്ത്, കെ.പി. അനിൽകുമാർ, കെ.സി. അബു, ആയിഷക്കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.