കോഴിക്കോട്: ദിനംപ്രതി ആയിരത്തോളം ബസുകൾ കയറിയിറങ്ങുന്ന കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ആവശ്യത്തിന് വായുസഞ്ചാരമല്ലാത്തതും ഓഫിസ് മുറിയിൽ എ.സിയില്ലാത്തതും ജീവനക്കാരെ രോഗികളാക്കുന്നു.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യമൊരുക്കുമെന്നും ഓഫിസുകൾ നവീകരിക്കുന്നതിനും ശീതീകരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ പ്രഖ്യാപിച്ചിട്ടും ഇവരുടെ പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ തയാറായിട്ടില്ല.
കോഴിക്കോട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ഓഫിസ്, റിസർവേഷൻ കൗണ്ടർ, ലോജിസ്റ്റിക് കൗണ്ടർ എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് ബസുകളിൽ നിന്നുപുറംതള്ളുന്ന പുക ശ്വസിച്ച് ദുരിത്തിലാവുന്നത്. സ്റ്റാൻഡിനകത്ത് ആവശ്യത്തിന് വായു സഞ്ചാരമില്ലാത്തതിനാൽ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറുമ്പോഴും ദീർഘദൂര ബസുകൾ സ്റ്റാർട്ട് ചെയ്യുമ്പോഴും കൂടിയ അളവിൽ പുറംതള്ളുന്ന കാർബൺ മോണോക്സൈഡ് അടങ്ങിയ പുക ഈ ഓഫിസ് മുറികളിലേക്കാണ് അടിച്ചുകയറുന്നത്. മാത്രമല്ല സ്റ്റാൻഡിൽ കയറുന്ന ബസുകൾ ബോർഡ് വെച്ച് പിടിക്കുന്നതിനു നേരെമുന്നിലാണ് ഓഫിസുകൾ പ്രവർത്തിക്കുന്നത്.
ഓഫിസിനുള്ളിലും വായുസഞ്ചാരം വളരെ കുറവാണ്. അതുകൊണ്ടു അടിച്ചുകയറുന്ന പുക ഓഫിസ് മുറികളിൽ തന്നെ കെട്ടിനിൽക്കും. അതിനാൽ മഴക്കാലത്ത്പോലും കടുത്ത ചൂടാണിവിടെ. ചൂട് ആരംഭിച്ചതോടെ ഓഫിസിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയുണെന്നും ജീവനക്കാർ പറയുന്നു.
പലപ്പോഴും ബസുകൾ ട്രാക്കിൽനിന്ന് ആക്സിലേറ്ററ്റർ കൊടുത്ത് എയർ കയറ്റുമ്പോഴും, എ.സി ബസുകൾ ട്രാക്കിൽ കൂടുതൽ സമയം ഓഫ് ചെയ്യാതെ നിൽക്കുമ്പോഴും ഡീസൽ മണത്തോട് കൂടിയുള്ള പുക ഈ ഓഫിസിനുള്ളിലേക്ക് അടിച്ചുകയറുമെന്നും ജീവനക്കാർ പറഞ്ഞു. ഇവിടെത്തെ മിക്ക ജീവനക്കാരും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് അടിമയായിക്കഴിഞ്ഞു.
ഇതിന് പരിഹാരമായി ഓഫിസ് ഗ്ലാസിട്ട് ശീതീകരിക്കണമെന്ന് ആവശ്യപ്പെട്ട് മേലാധികാരികൾക്ക് കത്ത് നൽകി ഒരു വർഷംപിന്നിട്ടെങ്കിലും ഇതുവരെ പരിഹാരമായില്ല. ബസ് സ്റ്റാൻഡിൽ വായുസഞ്ചാരമില്ലാത്തതിനാൽ ആളുകൾക്ക് ബസ് കാത്തിരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.