രജീഷ്
വെള്ളിമാട്കുന്ന്: വയോധികയുടെ പേരിൽ ബാങ്കിലുള്ള ലോണിന്റെ ജപ്തി നടപടികൾ ഒഴിവാക്കാമെന്നു പറഞ്ഞ് പണം വാങ്ങി മുങ്ങിയ പ്രതി പിടിയിൽ. മലാപ്പറമ്പ് കെ.എസ്.ഇ.ബി കോളനിയിൽ രജീഷിനെയാണ് (47) ചേവായൂർ പൊലീസ് പിടികൂടിയത്.
മേരിക്കുന്ന് സി.എച്ച് കോളനിയിൽ താമസിക്കുന്ന 72 വയസ്സുകാരി 2015ൽ തന്റെ വീടിന്റെ ആധാരം വെച്ച് പുതിയറ കേരള ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 2024ൽ ബാങ്ക് ജപ്തി നടപടികൾ ആരംഭിക്കുകയും ഒറ്റത്തവണ തീർപ്പാക്കലിൽ 10 ലക്ഷം രൂപ അടച്ചാൽ ജപ്തി നടപടികൾ ഒഴിവാക്കി കടംതീർക്കാമെന്ന് അറിയിക്കുകയായിരുന്നു.
തുടർന്ന് പരാതിക്കാരി ബാങ്കിലുള്ള 10 ലക്ഷം രൂപ പരിചയക്കാരനായ പ്രതിയെ ഏൽപിച്ചു. പ്രതി ഇതിൽ നിന്ന് അഞ്ചു ലക്ഷം രൂപ മാത്രം ബാങ്കിൽ അടക്കുകയും വയോധികയോട് മുഴുവൻ പണവും ബാങ്കിൽ അടച്ചെന്നും ജപ്തി നടപടികൾ ഒഴിവാക്കിയെന്നും പറഞ്ഞു.
പണം മുഴുവനും കിട്ടാത്തതിനാൽ 2024 ഒക്ടോബറിൽ ബാങ്ക് വയോധികയുടെ 80 ലക്ഷത്തോളം വില വരുന്ന വീട് ജപ്തി ചെയ്യുകയായിരുന്നു. ജപ്തി നടപടികൾ കഴിഞ്ഞതിനു ശേഷമാണ് കബളിപ്പക്കപ്പെട്ട വിവരം വയോധിക അറിയുന്നത്. തുടർന്ന് ചേവായൂർ പൊലീസിൽ പരാതി നൽകി.
അന്വേഷണത്തിനിടെ പ്രതിയെ മലാപ്പറമ്പിലുള്ള വീട്ടിൽ നിന്നും ചേവായൂർപൊലീസ് ഇൻസ്പെക്ടർ മഹേഷിന്റെ നിർദേശപ്രകാരം എസ്.ഐ ഏലിയാസ്, എ.എസ്.ഐ ഇൻസ്പെക്ടർ രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ വിജിനേഷ്, സഫീറ, ലിവേഷ് എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.