ബാലുശ്ശേരി: കിനാലൂർ എസ്റ്റേറ്റിലെ കൈതച്ചാൽ ഭാഗത്തുണ്ടായ തീപിടിത്തത്തിൽ അമ്പത് ഏക്കറോളം കത്തിനശിച്ചു. ഇന്നലെ ഉച്ചയോടെയാണ് മങ്കയം റോഡിൽ കൈതച്ചാൽ പാടിക്ക് പിന്നിലായുള്ള അടിക്കാടിന് തീപിടിച്ചത്. തീ പടർന്ന് കൈതച്ചാൽ പാടിക്ക് പിറകിലെ മല കത്തി നശിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നരിക്കുനിയിൽ നിന്ന് രണ്ട് യൂനിറ്റ് അഗ്നിരക്ഷ സേന എത്തിയെങ്കിലും താഴെ ഭാഗം തീ അണച്ചതല്ലാതെ മുകളിലേക്ക് പടർന്ന തീയണക്കാൻ കഴിഞ്ഞിരുന്നില്ല.
നാലു മണിക്കൂറോളം ശ്രമിച്ചിട്ടും തീയണക്കാൻ കഴിയാത്തതിനാലും മുകളിലേക്ക് വാഹനത്തിന് എത്താൻ പ്രയാസമായതിനാലും അഗ്നിരക്ഷ സേന സംഘം തിരിച്ചുപോകുകയായിരുന്നു. ഇവിടെ മുപ്പത് ഏക്രയോളം കത്തിനശിച്ചിട്ടുണ്ട്. മലയിൽ നിന്ന് തീപടർന്ന് തൊട്ടടുത്തുള്ള കൈതച്ചാൽ വളവിലെ റബർ തോട്ടത്തിലേക്കും തീപടർന്നതോടെ നാട്ടുകാർ ഇടപെട്ട് റബർ തോട്ടത്തിലേക്ക് തീ പടരുന്നത് തടയുകയായിരുന്നു. രാത്രിയായതോടെ തീ വീണ്ടും കൈതച്ചാൽ കിഴക്കുഭാഗത്തെ മലയിലേക്കും പടർന്നു.
ഇവിടെയും ഇരുപത് ഏക്രയോളം സ്ഥലം കത്തിനശിച്ചിട്ടുണ്ട്. സന്ധ്യയോടെ കുന്നിൻ മുകളിലേക്ക് പടർന്ന തീ രാത്രി എട്ട് മണിയോടെ ഏതാണ്ട് അണക്കാൻ കഴിഞ്ഞിട്ടുണ്ട്. നാട്ടുകാർ ജനവാസ മേഖലയിലേക്ക് തീ പടരാതിരിക്കാൻ കാവൽ നിൽക്കുകയാണ്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി, വാർഡ് അംഗം ഹൃദ്യ എസ്. എന്നിവർ സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരായ കെ.കെ. ഉണ്ണി, കെ.എം. ജലീൽ, സോമൻ, ജയദേവൻ, ശശി, എൻ.പി. രാമദാസൻ എന്നിവർ തീയണക്കാൻ നേതൃത്വം നൽകി. എല്ലാ വർഷവും മങ്കയം, കൈതച്ചാൽ ഭാഗങ്ങളിൽ അടിക്കാടുകളിൽ വൻ തീപിടിത്തം ഉണ്ടാകാറുണ്ട്. സാമൂഹ്യദ്രോഹികൾ കരുതിക്കൂട്ടി അടിക്കാടിന് തീയിടുന്നതാണെന്ന് ആക്ഷേപമുണ്ട്.
തീ പിടിത്തം കാരണം ഒട്ടേറെ ചെറുജീവികളും പക്ഷികളും ഇഴജന്തുക്കളും തീയിൽ വെന്തെരിഞ്ഞ് നശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.