അജ്ഞാതരായി കഴിയുന്നവർക്ക്​ പ്രത്യാശ പകർന്ന് അദാലത്

'അജ്ഞാതർക്ക്' പ്രത്യാശ പകർന്ന് അദാലത് കോഴിക്കോട്: മേൽവിലാസമോ സ്വന്തം പേരുപോലുമോ അറിയാതെയും പറയാനാവാതെയും എല്ലാം നഷ്ടപ്പെട്ട് കഴിയുന്നവർക്ക് പ്രത്യാശയുടെ തിരിവെട്ടം പകർന്ന് കുതിരവട്ടം ഗവ. മാനസികാരോഗ്യകേന്ദ്രത്തിൽ അദാലത്. അജ്ഞാത മനുഷ്യജീവിതങ്ങളായി മാനസികാരോഗ്യകേന്ദ്രത്തിൽ കഴിയുന്ന 39 സ്ത്രീകളെ അവരുടെ സ്വന്തം വീടുകളിലേക്ക് പുനരധിവസിപ്പിക്കാനുള്ള ശ്രമത്തി​െൻറ ഭാഗമായാണ് ഗവ. മാനസികാരോഗ്യകേന്ദ്രത്തി​െൻറ ചരിത്രത്തിലാദ്യമായി തിരിച്ചറിയപ്പെടാത്ത അന്തേവാസികൾക്കായി അദാലത് സംഘടിപ്പിച്ചത്. 39 പേരിൽ ഒരു കോഴിക്കോട്ടുകാരി ഒഴികെ എല്ലാവരും ഇതരസംസ്ഥാനക്കാരാണ്. ഇവരിൽ ഒരാൾ അന്ധയും ബധിരയും മൂകയുമാണ്. സ്വയം തിരിച്ചറിയിക്കാൻ ഒരു തരത്തിലും സാധ്യമല്ലാത്ത തീർത്തും നിസ്സഹായയായ സ്ത്രീ. ചിലർ ബധിരരും മൂകരുമാണ്. അതിനാൽ പേരുപോലും പറയാൻ കഴിയാത്തവർ. ചിലർക്ക് എഴുതാൻ കഴിയും. രാജ്യത്തെ അതിവിദൂരമായ ഉൾഗ്രാമങ്ങളിൽനിന്ന് വെളിപ്പെടുത്താൻ കഴിയാത്ത വൈവിധ്യമാർന്ന ഭാഷകളുമായി ജീവിക്കുന്ന ഇവരിൽ ചിലർ ജീവിതത്തി​െൻറ കാൽനൂറ്റാണ്ടോളം ഇവിടെ ചെലവഴിച്ചവരാണ്. അഞ്ചുപേർ തമിഴ്നാട്ടുകാരും മൂന്നുപേർ മഹാരാഷ്ട്രക്കാരും രണ്ടുപേർ രാജസ്ഥാൻകാരുമാണ്. കേരളം, ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഛത്തിസ്ഗഢ്, ഡൽഹി, ഗുജറാത്ത്, ഝാർഖണ്ഡ്, കർണാടക, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്ന് ഒരാൾ വീതവും അജ്ഞാതരായ 11 പേരുമാണുള്ളത്. ഇവരിൽ അഞ്ചുപേർ 20 വർഷത്തിലേറെയായി ഇവിടെ കഴിയുന്നവരാണ്. നാലുപേർ 10 വർഷത്തിലേറെയും ഏഴുപേർ അഞ്ചു വർഷത്തിലേറെയും 11 പേർ ഒന്നുമുതൽ അഞ്ചുവർഷം വരെയുമായി കോഴിക്കോട്ട് കഴിയുന്നു. രോഗം ഭേദമായിട്ടും പുറത്തുപോവാൻ കഴിയാത്തവരുമുണ്ട്. ഇക്കാരണത്താൽ കൂടുതൽ അന്തേവാസികൾ ഒരുമിച്ച് കഴിയേണ്ടിവരുന്നുണ്ട്. അജ്ഞാതരായ ഇവരുമായി നിരന്തരം സംസാരിച്ച് വിലാസം ശേഖരിച്ച് അവരുടെ നാടുകളിലെ പൊലീസുമായി ബന്ധപ്പെട്ട് തിരികെയെത്തിക്കാനാണ് ഡോക്ടർമാരും നഴ്സുമാരും നിരന്തരം ശ്രമിക്കുന്നത്. ഇതിനെല്ലാം പൊലീസി​െൻറയും ജില്ല ഭരണകൂടത്തി​െൻറയും ലീഗൽ സർവിസ് അതോറിറ്റിയുടെയും വിവിധ വകുപ്പുകളുടെയും സഹകരണം തേടിയാണ് അദാലത് സംഘടിപ്പിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. എൻ. രാജേന്ദ്രൻ, സബ്ജഡ്ജും ജില്ലാ ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയുമായ ആർ.എൽ. ബൈജു, ഡെപ്യൂട്ടി കലക്ടർ കെ. ഹിമ, കോഴിക്കോട് അസി. കമീഷണർ പി.ടി. വാസുദേവൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജീജ, ജില്ല സാമൂഹികനീതി ഓഫിസർ ടി.പി. സാറാമ്മ എന്നിവർ നേതൃത്വം നൽകി. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത സന്ദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.