ഹോമിക്കപ്പെട്ടത് കുടുംബത്തി​െൻറ അത്താണി

വില്ലേജ് ഒാഫിസിലെ ആത്മഹത്യ പേരാമ്പ്ര: 'മൂന്നു പെൺകുട്ടികളാ എനിക്ക്... ഇതുങ്ങളേംകൊണ്ട് ഞാനിനി എന്തു ചെയ്യും?' നികുതി സ്വീകരിക്കാത്തതിനെ തുടർന്ന് വില്ലേജ് ഒാഫിസിൽ ജീവനൊടുക്കിയ ചെമ്പനോട കാവിൽ പുരയിടത്തിൽ തോമസി​െൻറ ഭാര്യ മോളിയുടെ ഈ ചോദ്യത്തിനു മുന്നിൽ പകച്ചുനിൽക്കാനേ അവിടെ തടിച്ചുകൂടിയവർക്ക് സാധിച്ചുള്ളൂ. പ്രശ്‌ന പരിഹാരത്തിന് വർഷങ്ങളെടുക്കുന്ന സർക്കാർ ഓഫിസുകളുടെ അവസ്ഥ മാറിയിട്ടില്ലെങ്കിൽ സർക്കാർ സ്ഥാപനങ്ങൾ ഇനിയും ശവപ്പറമ്പുകളാവുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. തോമസ് ആത്മഹത്യ നടത്തി 24 മണിക്കൂറിനുള്ളിൽ നികുതി സ്വീകരിക്കാൻ കലക്ടർ ഉത്തരവിട്ടിരിക്കുകയാണ്. ഈ കാര്യക്ഷമത കുറച്ചുമുമ്പ് കാണിച്ചിരുന്നെങ്കിൽ മൂന്നു പെൺമക്കൾക്ക് അച്ഛനെ നഷ്ടപ്പെടില്ലായിരുന്നു. നാടിന്, മണ്ണിനെ പൊന്നാക്കി മാറ്റിയ ഒരു കർഷകനെ നഷ്ടപ്പെടില്ലായിരുന്നു. 70 വർഷം മുമ്പാണ് തോമസി​െൻറ കുടുംബം പാലയിൽനിന്ന് ചെമ്പനോടയിലേക്ക് കുടിയേറിയത്. വന്യമൃഗങ്ങളോട് പടവെട്ടി എല്ല് മുറിയെ പണിയെടുത്ത് സമ്പാദിച്ചതാണ് ഇപ്പോഴുള്ള സ്വത്തുക്കളിൽ ഭൂരിഭാഗവും. ഭാര്യയുടെ പേരിലുള്ള സ്ഥലത്തി​െൻറ നികുതിയാണ് വില്ലേജ് ഒാഫിസിൽ സ്വീകരിക്കാൻ മടിച്ചത്. സ്വത്ത് നഷ്ടപ്പെടുന്നത് സഹിക്കാൻ കഴിയാതെയാണ് തോമസ് ജീവനൊടുക്കിയത്. സമയബന്ധിതമായി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടത്. വിവിധ ആവശ്യങ്ങൾക്ക് ഓഫിസുകളിലെത്തുന്ന ജനങ്ങളെ ശത്രുക്കളായി കണ്ട് പെരുമാറിയാൽ തോമസുമാർ ഇനിയും ഒരുപാട് ഉണ്ടാവുമെന്ന് നാട്ടുകാർ ഓർമിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT