ദേശീയപാതയോരത്തെ മദ്യഷാപ്പുകള്‍: ഗ്രാമീണമേഖലയിലേക്ക് മാറ്റാനുള്ള നീക്കം വിവാദത്തില്‍

വടകര: ദേശീയപാതയോരത്തെ മദ്യഷാപ്പുകള്‍ മാറ്റണമെന്ന കോടതിവിധി ഗ്രാമീണമേഖയിലെ സമാധാനജീവിതം തകര്‍ക്കുമെന്ന ആശങ്ക ശക്തമാകുന്നു. ഇങ്ങനെ, ദേശീയപാതയോരത്തുനിന്നും ഒഴിവാക്കപ്പെടുന്ന ബിവറേജ് ഷോപ്പുകളുള്‍പ്പെടെയുള്ളവ ഗ്രാമങ്ങളിലേക്ക് ചേക്കേറാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കയാണ്. ഈ സാഹചര്യത്തിലാണ് മണിയൂര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡിലുള്‍പ്പെടുന്ന അട്ടക്കുട്ട് പാലത്തിനുസമീപമുള്ള സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ ബിവറേജ് ഷോപ്പ് വരുന്നതായുള്ള പ്രചാരണം ചൂടുപിടിക്കുന്നത്. വടകര, പയ്യോളി എന്നിവിടങ്ങളില്‍നിന്നും ഒഴിവാക്കപ്പെടുന്ന ബിവറേജ് ഷോപ്പുകളിലൊന്ന് അട്ടക്കുട്ട് കടവിനുസമീപത്തെ കെട്ടിടത്തില്‍ നടത്താനുള്ള നീക്കം സര്‍ക്കാര്‍ തലത്തില്‍ നടക്കുകയാണ്. എന്നാല്‍, മണിയൂര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചില്ളെന്നാണ് പറയുന്നത്. ഇത്തരമൊരു സ്ഥാപനം അനുവദിക്കില്ളെന്ന കാര്യത്തില്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കയാണിപ്പോള്‍. നിലവില്‍ അട്ടക്കുണ്ട് കടവില്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ബോര്‍ഡുകളും മറ്റും സ്ഥാപിച്ചുകഴിഞ്ഞു. ഇത്തരമൊരു തീരുമാനവുമായി അധികൃതര്‍ മുന്നോട്ടുപോകുന്ന സാഹചര്യമുണ്ടായാല്‍ സമരരംഗത്തിറങ്ങാനാണ് സ്ത്രീകളുള്‍പ്പെടെയുള്ള നാട്ടുകാരുടെ തീരുമാനം. നാടിന് ദോഷകരമായി തീരുന്ന മദ്യഷാപ്പ് അനുവദിക്കാനുള്ള നീക്കം തടയുമെന്ന് പഞ്ചായത്ത് മെംബര്‍ ടി. ഗീത അറിയിച്ചു. പഞ്ചായത്തില്‍ ഇതുസംബന്ധിച്ചുള്ള യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ളെന്നും ജനങ്ങള്‍ ആശങ്കാകുലരാണെന്നും ഇതുകണക്കിലെടുത്ത് വെള്ളിയാഴ്ച വൈകീട്ട് നാലിന് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തതായും ഗീത അറിയിച്ചു. എല്ലാ രാഷ്ട്രീയ കക്ഷികളും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികള്‍ വരുംനാളുകളില്‍ സമരത്തിനിറങ്ങേണ്ടിവരുമെന്ന് മനസ്സിലാക്കി മദ്യവിരുദ്ധ പ്രവര്‍ത്തനരംഗത്തെ പ്രമുഖരുമായി ചര്‍ച്ചയും നടത്തിക്കഴിഞ്ഞു. പുഴയോടുചേര്‍ന്ന സ്ഥലമായതിനാലും ചുറ്റും വയലുകളുള്ളതിനാലും ഇത്തരമൊരു സ്ഥാപനം വരുന്നതോടെ പരസ്യമായി മദ്യപിക്കുന്ന സംഘങ്ങള്‍ പ്രദേശത്ത് തമ്പടിക്കും. ഇതോടെ, പ്രദേശത്തെ ജനജീവിതം അവതാളത്തിലാകും. ഈ കെട്ടിടത്തിനുസമീപത്തായി ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. കാര്‍ഷികമേഖലയായ മണിയൂരിന്‍െറ നിലവിലുള്ള നന്മകള്‍ ഇല്ലാതാക്കാന്‍ മാത്രമേ ഈ നീക്കം ഉപകരിക്കുകയുള്ളൂവെന്ന് മുസ്ലീം ലീഗ് മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തീരുമാനം പിന്‍വലിക്കാത്തപക്ഷം പ്രക്ഷോഭത്തിനൊരുങ്ങാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. സി.പി. കുഞ്ഞബ്ദുല്ല, പി.ടി.കെ. മുഹമ്മദലി, ടി. അമ്മത്, മഞ്ചയില്‍ മൂസഹാജി, എന്‍.കെ. കുഞ്ഞബ്ദുല്ല ഹാജി, കാരാളത്ത് പോക്കര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.