കേരള മോഡല്‍ വികസനം വ്യാജനിര്‍മിതി –എം.ജി.എസ്

കോഴിക്കോട്: കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡല്‍ വികസനം വ്യാജനിര്‍മിതിയാണെന്ന് ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍. കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ കേരളീയം മാസിക സംഘടിപ്പിച്ച പരിപാടിയില്‍ ‘അറുപത് വര്‍ഷത്തെ കേരളത്തിന്‍െറ വികസനചരിത്രം’ വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദേശ കുടിയേറ്റം വഴി ലഭിച്ച പണം കൊണ്ട് ഉണ്ടായ ക്ഷേമപ്രവര്‍ത്തനങ്ങളെയാണ് കേരള മോഡല്‍ എന്നും വികേന്ദ്രീകൃത ജനകീയാസൂത്രണം എന്നും തെറ്റായി വിളിക്കുന്നത്. കേരള മോഡല്‍ എന്ന പേരില്‍ അവകാശപ്പെട്ട വ്യവസായ വളര്‍ച്ച സംസ്ഥാനത്ത് ഉണ്ടായില്ല. പിന്നീട് വന്ന സര്‍ക്കാറുകള്‍ വികസനത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. വ്യവസായങ്ങള്‍ വര്‍ധിക്കുമ്പോള്‍ മുതലാളിത്ത സമൂഹം സൃഷ്ടിക്കപ്പെടും എന്ന ആശങ്കയായിരുന്നു ഇതിന് കാരണം. എന്നാല്‍, ആധുനിക വിദ്യാഭ്യാസം നേടിയ യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചു. ഇതാണ് ഗള്‍ഫ് നാടുകളിലേക്കടക്കം കുടിയേറ്റത്തിന് വഴിവെച്ചത്. ഇതുവഴി മലയാളി നേടിയ പണത്തിലൂടെയാണ് കേരളത്തില്‍ റോഡുകളും പാലങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വന്നത്. വ്യവസായമോ അതിന് വേണ്ട പ്രവര്‍ത്തനങ്ങളോ ഇല്ലാതെ വികസനം വന്ന നാടാണ് നമ്മുടേത്. ഇപ്പോള്‍ കുടിയേറ്റം വഴി നേടിയ പണം കൊണ്ട് ഇതര സംസ്ഥാനക്കാരാണ് ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഗള്‍ഫിലും മറ്റും മലയാളികള്‍ ചെയ്തതിന് തുല്യമായ പ്രവര്‍ത്തനമാണിത്. ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ വഴി പിന്നാക്ക വിഭാഗങ്ങള്‍ക്ക് മനുഷ്യാവകാശം, സാമൂഹിക പുരോഗതി എന്നിവ സംബന്ധിച്ച അവബോധം വളര്‍ന്നു. എന്നാല്‍, തൊഴില്‍ തേടി എത്തിയ നാടുകളില്‍ മലയാളികള്‍ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. 60 വര്‍ഷം കഴിഞ്ഞപ്പോഴും ജാതീയത സമൂഹത്തില്‍നിന്ന് മാറിയില്ല. വിവാഹം, ജോലി എന്നിവയില്‍ ഈ കാര്യം വ്യക്തമാണ്. ഹിന്ദു സമുദായത്തില്‍ കീഴ്ജാതിക്കാരും ക്രിസ്ത്യന്‍ സമുദായത്തില്‍ അവശ ക്രൈസ്തവരും മുസ്ലിം സമുദായത്തില്‍ പുതുമുസ്ലിംകളും വിവേചനം അനുഭവിക്കുന്നു. ആദിവാസി വികസനം എന്ന പേരില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എതിര്‍ഫലമാണ് ഉണ്ടാക്കിയത്. മനുഷ്യ നാഗരിഗതയിലെ ശിശുക്കളാണ് ആദിവാസികള്‍. ഉദ്യോഗസ്ഥരുടെയും മറ്റും ഇടപെടലുകള്‍ വഴി അവരിലേക്കുകൂടി കാപട്യവും വഞ്ചനയും പകരുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കെ. സഹദേവന്‍ രചിച്ച ‘ഇന്ത്യയിലെ ആദിവാസി കോറിഡോറില്‍ സംഭവിക്കുന്നത്’ പുസ്തകം ഡോ. എം.ബി. മനോജിന് നല്‍കി ഡോ. എം.ജി.എസ്. നാരായണന്‍ പ്രകാശനം ചെയ്തു. ലിജുകുമാര്‍, പി.എം. മനോജ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.