മിഠായിതെരുവ് തീപിടിത്തം:മാര്‍ച്ച് 25നകം സുരക്ഷ മുന്‍കരുതല്‍; ഇല്ളെങ്കില്‍ കടകള്‍ക്കെതിരെ നടപടി

കോഴിക്കോട്: മിഠായിതെരുവില്‍ അടിക്കടിയുണ്ടാകുന്ന തീപിടിത്തം ഒഴിവാക്കാന്‍ കര്‍ശന നടപടിയുമായി ജില്ല ഭരണകൂടം. മാര്‍ച്ച് 25നകം സുരക്ഷ മുന്‍കരുതലുകളോടെ വ്യാപാര സ്ഥാപനങ്ങള്‍ നവീകരിച്ചില്ളെങ്കില്‍ നടപടിയെടുക്കാനാണ് ജില്ല ഭരണകൂടത്തിന്‍െറ തീരുമാനം. മിഠായിതെരുവില്‍ നിലവിലുള്ള നവീകരണ പ്രോജക്ട് പുതുക്കാനും ശനിയാഴ്ച കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വ്യാപാരി സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. നിശ്ചിത സമയപരിധിക്കുള്ളില്‍ വൈദ്യുതി, ഫയര്‍ഫോഴ്സ് വകുപ്പുകളുടെ നിര്‍ദേശാനുസരണം നവീകരിക്കാത്ത കട ഉടമകള്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് നിയമപ്രകാരമാണ് നടപടിയെടുക്കുക. ഫയര്‍ഫോഴ്സ്, കെ.എസ്.ഇ.ബി, കോര്‍പറേഷന്‍, പൊലീസ്, റവന്യൂ, സിവില്‍ സപൈ്ളസ് തുടങ്ങിയ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലും സംയുക്ത സംഘത്തിന്‍െറ നേതൃത്വത്തില്‍ സ്ഥിരമായും കര്‍ശന പരിശോധന നടത്തും. മിഠായിത്തെരുവിലെ വിവിധ കടകളില്‍ അനധികൃതമായി പാചകവാതക സിലിണ്ടര്‍, മണ്ണെണ്ണ എന്നിവയുള്‍പ്പെടെ ശേഖരിച്ചുവെക്കുന്നതായി അഗ്നിശമന സേന, സിവില്‍ സപൈ്ളസ്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം കണ്ടത്തെിയിട്ടുണ്ട്. നിരവധി കടകളില്‍ കാലപ്പഴക്കം ചെന്ന വയറിങ്ങുകളുണ്ടെന്നും കടകള്‍ക്കകത്തുതന്നെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെയും മറ്റും കാര്‍ബോര്‍ഡ് ചട്ടകളും പെട്ടികളും കൂട്ടിയിട്ടിരിക്കുന്നതായും കണ്ടത്തെിയിരുന്നു. നിശ്ചിത ബള്‍ബുകള്‍ മാത്രം കത്തിക്കേണ്ടിടത്ത് ഇതിന്‍െറ ഇരട്ടിയിലധികം വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍ സ്ഥാപിച്ചതായും കണ്ടത്തെി. ഇതുസംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ വരും ദിവസങ്ങളിലും നടക്കും. കെട്ടിടങ്ങളില്‍ ഫയര്‍ ഹൈഡ്രന്‍റുകള്‍, ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ എത്താനുള്ള സൗകര്യം, പാചകവാതക സിലിണ്ടര്‍ ഉപയോഗം, തുണിത്തരങ്ങളും മറ്റും സൂക്ഷിക്കുന്ന ഭാഗത്തെ സുരക്ഷിതത്വം എന്നിവ കൃത്യമായി പരിശോധിക്കണമെന്നാണ് അഗ്നിശമന സേനയുടെ റിപ്പോര്‍ട്ട്. മിഠായിതെരുവിലെ വൈദ്യുതി വിതരണം പൂര്‍ണമായും ഭൂഗര്‍ഭ കേബിളിലൂടെയാക്കാനും നടപടിയെടുക്കും. ഇതുമായി ബന്ധപ്പെട്ട ഏകദേശ എസ്റ്റിമേറ്റ് വ്യാഴാഴ്ചക്കകം സമര്‍പ്പിക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 20 പോയന്‍റുകളില്‍ ഫയര്‍ ഹൈഡ്രന്‍റ് സ്ഥാപിക്കാനും തീരുമാനിച്ചു. ഇതുസംബന്ധിച്ച് നാലുവര്‍ഷം മുമ്പാണ് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, ബജറ്റ് വിഹിതം അനുവദിക്കാത്തതിനാല്‍ ഇതുവരെ പ്രായോഗികമായിട്ടില്ല. കടകളില്‍ സാധനങ്ങളുടെ അമിത സ്റ്റോക്ക് മാറ്റാനും നിലവിലെ മാലിന്യ നിര്‍മാര്‍ജനത്തിന് ക്ളീന്‍ ഡ്രൈവ് പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ നഗരസഭ ശക്തമായി ഇടപെടണമെന്നും ഇതിന് സര്‍ക്കാറില്‍നിന്ന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി.പി. രാമകൃഷ്ണന്‍ യോഗത്തില്‍ പറഞ്ഞു. മിഠായിതെരുവിന്‍െറ സുരക്ഷിതമായ നവീകരണത്തിന് വ്യാപാരികള്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, വി.കെ.സി മമ്മദ്കോയ, ഡോ. എം.കെ. മുനീര്‍, ജില്ല കലക്ടര്‍ യു.വി. ജോസ് എന്നിവര്‍ പങ്കെടുത്തു.സുരക്ഷയുടെ പേരില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോട് വ്യാപാരികള്‍ സഹകരിച്ചെങ്കില്‍ മാത്രമേ ശാശ്വത പരിഹാരം കണ്ടത്തൊനാവൂ എന്ന് മേയര്‍ പറഞ്ഞു. അപകടങ്ങള്‍ക്ക് ഇടയാക്കുന്ന വൈദ്യുതി കണക്ഷനുകള്‍ സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. മിഠായിതെരുവിലെ കടകള്‍ പലതും ഉടമകള്‍ മേല്‍വാടകക്ക് നല്‍കുന്ന രീതിയാണ് നിലവിലുള്ളതെന്നും ലൈസന്‍സ് സംബന്ധിച്ച് കൃത്യമായ പരിശോധന നടത്തി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കടകള്‍ ഒഴിപ്പിക്കാന്‍ കോര്‍പറേഷന്‍ തയാറാവണമെന്നും വി.കെ.സി. മമ്മദ്കോയ എം.എല്‍.എ പറഞ്ഞു. മിക്ക കടകളിലെ വയറിങ്ങിലേയും മേല്‍ക്കൂരകളുടെ നിര്‍മാണത്തിലേയും അപാകതകള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന രീതിയിലാണെന്നും തീപിടിത്തത്തിന് സാധ്യതയുണ്ടാകുന്ന അപകടകരമായ അലങ്കാരപ്പണികള്‍ വ്യാപാരികള്‍ ഒഴിവാക്കണമെന്നും എ. പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. തീപിടിത്തം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഫയര്‍ ഫോഴ്സിനെ എല്ലാവിധ ഉപകരണങ്ങളോടെയും സുസജ്ജമാക്കുന്നതിന് നടപടിയുണ്ടാവണമെന്ന് എം.കെ. മുനീര്‍ എം.എല്‍.എ പറഞ്ഞു. ജില്ല ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്കറിനെ യോഗം അഭിനന്ദിച്ചു. കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, അസി. കലക്ടര്‍ കെ. ഇമ്പശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, അസി. കമീഷണര്‍ അബ്ദുല്‍ റസാഖ്, വ്യാപാരി സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.