ജില്ല വികസന സമിതി യോഗം: സരോവരം തണ്ണീര്‍തടം നികത്തല്‍ തടയും

കോഴിക്കോട്: സരോവരം ബയോപാര്‍ക്കിലെ തണ്ണീര്‍തടം മണ്ണിട്ടുനികത്തുന്നത് തടയാനും ജില്ലയുടെ വിവിധ ഭാഗങ്ങളിലെ റോഡ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. തണ്ണീര്‍തടം സ്വകാര്യ വ്യക്തികള്‍ മണ്ണിട്ടു നികത്തുന്നുണ്ടെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. ഭൂമാഫിയയുടെ സ്വാധീനത്തിന് വഴങ്ങി പരാതി പൂഴ്ത്തിവെക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തണ്ണീര്‍ത്തടത്തോട് ചേര്‍ന്ന സ്ഥലം തുഛമായ വിലയ്ക്ക് വാങ്ങിയവര്‍ തണ്ണീര്‍ത്തടം നികത്തുകയാണ്. കോട്ടൂളി, ചേവായൂര്‍, നഗര വില്ളേജുകളോട് ചേര്‍ന്നതാണ് പ്രദേശമെന്നും അദ്ദേഹം വിശദീകരിച്ചു. പ്രശ്നത്തില്‍ അടിയന്തര നടപടിയുണ്ടാകുമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. പേരാമ്പ്ര-ചെറുവണ്ണൂര്‍-ചാനിയംകടവ് റോഡ്, പേരാമ്പ്ര പയ്യോളി റോഡ്, മേപ്പയ്യൂര്‍-നെല്ല്യാടി-കൊല്ലം റോഡ് എന്നിവിടങ്ങളില്‍ സര്‍വേ നടത്തി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുഴയോരങ്ങളില്‍ സംരക്ഷണ ഭിത്തി കെട്ടണമെന്ന് ഇ.കെ.വിജയന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കടലുണ്ടി-ചാലിയം റോഡില്‍ കടുക്ക ബസാറില്‍ കടലുണ്ടി കടവ് റോഡിന്‍െറ പ്രവേശന കവാടത്തിലെ കൈയേറ്റം സംബന്ധിച്ച് മാര്‍ച്ച് രണ്ടിന് നടക്കുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കലക്ടര്‍ യു.വി.ജോസ് അറിയിച്ചു. ഫറോക്ക് പഴയപാലം മുതല്‍ പുതിയ പാലം വരെയുളള റോഡിന്‍െറ ഇരുവശവും പുഴയോരവും സര്‍വേ നടത്തി കൈയേറ്റം ഒഴിപ്പിക്കാനും നടപടിയുണ്ടാവും. വി.കെ.സി. മമ്മദ്കോയ എം.എല്‍.എ ആണ് വിഷയമവതരിപ്പിച്ചത്.കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നുളള മണ്ണെടുപ്പ് പ്രവൃത്തി അടുത്ത ആഴ്ചയില്‍ പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. കെ.ദാസന്‍ എം.എല്‍.എയണ് വിഷയം ഉന്നയിച്ചത്.കോവിലകം താഴം പാലത്തിന്‍െറ അപ്രോച്ച് റോഡ് നിര്‍മാണം സംബന്ധിച്ച വിഷയം ബന്ധപ്പെട്ടവരുടെ പ്രത്യേക യോഗം വിളിച്ച് ചര്‍ച്ച ചെയ്യുമെന്ന് കലക്ടര്‍ പറഞ്ഞു. പാലം അനാസ്ഥ കാരണം പ്രയോജനപ്പെടാതെ കിടക്കുകയാണെന്ന് പുരുഷന്‍ കടലുണ്ടി എം.എല്‍.എ പറഞ്ഞു. താമരശ്ശേരി താലൂക്ക് ആശുപത്രി പരിധിയിലെ ഭിന്നശേഷിക്കാര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് നല്‍കി വരുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഉണ്ടാവുന്ന കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ യോഗത്തെ അറിയിച്ചു. കാരാട്ട് റസാഖ് എം.എല്‍.എ ആണ് പ്രശ്നം ഉന്നയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.