സ്വാശ്രയ മാനേജ്മെന്‍റുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം –കെ.എസ്.യു

കോഴിക്കോട്: സ്വാശ്രയ മാനേജ്മെന്‍റുകളെ നിയന്ത്രിക്കാനും വിദ്യാര്‍ഥി രാഷ്ട്രീയം സംരക്ഷിക്കാനുമുള്ള നിയമം വരുന്ന നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കണമെന്ന് കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി.എസ്. ജോയ് വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വാശ്രയ മാനേജ്മെന്‍റുകള്‍ മാഫിയകളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തേ വിദ്യാര്‍ഥികളെ സാമ്പത്തികമായി ചൂഷണം ചെയ്യുക മാത്രമാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണ്. സ്വാശ്രയ കോളജുകള്‍ക്ക് മൂക്കുകയറിടാന്‍ സുവര്‍ണാവസരം ലഭിച്ചിട്ട് ഒരു നടപടിയും സ്വീകരിക്കാതെ മാനേജ്മെന്‍റുകള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുകയാണ് സര്‍ക്കാര്‍. മടപ്പള്ളി ഗവ. കോളജില്‍ എസ്.എഫ്.ഐയുടെ ഫാഷിസമാണ് നടക്കുന്നത്. മറ്റു സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. കഴിഞ്ഞ ദിവസം കെ.എസ്.യു യൂനിറ്റ് ആരംഭിച്ച് കൊടി സ്ഥാപിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം എസ്.എഫ്.ഐക്കാര്‍ അത് എടുത്തുമാറ്റി. എം.എസ്.എഫിന്‍െറ കൊടിമരവും പിഴുതെറിഞ്ഞു. ഇന്‍ക്വിലാബ് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ പല തവണ എസ്.എഫ്.ഐയുടെ മര്‍ദനത്തിനിരയായി. പരാതി നല്‍കിയാല്‍ എസ്.എഫ്.ഐയുമായി ചേര്‍ന്ന് പൊലീസ് കൗണ്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയാണ്. എസ്.എഫ്.ഐ അക്രമത്തിനെതിരെ മടപ്പള്ളി കോളജിലേക്ക് ബഹുജന മാര്‍ച്ച് ഉള്‍പ്പെടെ സംഘടിപ്പിക്കും. സി.പി.എം നേതൃത്വത്തിലുള്ള എം.ഡിറ്റിലും വിദ്യാര്‍ഥി ദ്രോഹ നടപടികളാണ് മാനേജ്മെന്‍റ് കൈക്കൊള്ളുന്നത്. മാര്‍ച്ചോടെ കെ.എസ്.യുവിന് പുതിയ നേതൃത്വം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എം. അഭിജിത്ത്, വി.പി. ദുല്‍കിഫില്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.