ചേമഞ്ചേരി: ദേശീയപാതയില്‍ തിരുവങ്ങൂര്‍ അങ്ങാടിക്ക് തെക്ക് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. ഞായറാഴ്ച രാവിലെ 6.15ഓടെയായിരുന്നു അപകടം. ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റതല്ലാതെ മറ്റ് അപായങ്ങളൊന്നും ഉണ്ടായില്ല. മംഗലാപുരത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍െറ ബുള്ളറ്റ് ട്രക്കാണ് അപകടത്തില്‍പെട്ടത്. അതിവേഗത്തില്‍ എതിര്‍ഭാഗത്തുനിന്ന് വന്ന കാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിന് ഇടതുവശത്തേക്ക് ഇറങ്ങിപ്പോയ ട്രക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സമീപത്തുണ്ടായിരുന്ന ട്രാന്‍സ്ഫോര്‍മറില്‍ ഇടിക്കാതെയാണ് ലോറി മറിഞ്ഞത്. 18 മെട്രിക് ടണ്‍ പാചകവാതകവുമായി (1300ഓളം ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് തുല്യം) ട്രക്ക് അപകടത്തില്‍പെട്ടിട്ടും ഭാഗ്യംകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. അപകടവിവരം അറിഞ്ഞ ഉടന്‍ പൂക്കാട് കെ.എസ്.ഇ.ബി ഓഫിസില്‍നിന്ന് ഉദ്യോഗസ്ഥരത്തെി ഹൈടെന്‍ഷന്‍ ലൈന്‍ ഓഫ് ചെയ്തു. അസിസ്റ്റന്‍റ് എന്‍ജിനീയര്‍ കെ.കെ. ഹരിഹരന്‍, സബ് എന്‍ജിനീയര്‍ എം. ഷാജി എന്നിവരുടെ നേതൃത്വത്തില്‍ അപകടം നടന്ന ഭാഗത്തെ ഇലക്ട്രിക് ലൈനുകള്‍ മുഴുവന്‍ ക്രെയിന്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിനുവേണ്ടി അഴിച്ചുമാറ്റി. 11 മണിയോടെ രാമനാട്ടുകരയില്‍നിന്ന് വലിയ രണ്ട് ക്രെയിനുകള്‍ എത്തിച്ചാണ് മറിഞ്ഞ ടാങ്കര്‍ ലോറി ഉയര്‍ത്താനുള്ള ശ്രമം തുടങ്ങിയത്. നാലു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനുശേഷം ടാങ്കര്‍ പൊക്കിയെടുക്കുകയും മറ്റൊരു ലോറിയുടെ എന്‍ജിന്‍ ഉപയോഗിച്ച് ഗ്യാസ് ടാങ്കര്‍ നീക്കംചെയ്യുകയും ചെയ്തു. ഈ സമയത്ത് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കുനിയില്‍കടവ് പാലം വഴി തിരിച്ചുവിട്ടു. കൊയിലാണ്ടി സി.ഐ കെ. ഉണ്ണികൃഷ്ണന്‍, എസ്.ഐമാരായ കെ. മോഹന്‍ദാസ്, കെ. ബാബുരാജ്, ഒ.എം. മോഹന്‍കുമാര്‍, കെ. അശോകന്‍, ട്രാഫിക് എസ്.ഐ കെ. രാമകൃഷ്ണന്‍, കൊയിലാണ്ടി തഹസില്‍ദാര്‍ എന്‍. റംല, ദുരന്തനിവാരണ സമിതി ജില്ല സൂപ്രണ്ട് എ. സിസിലി, ബീച്ച് ഫയര്‍ഫോഴ്സ് യൂനിറ്റിലെ അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫിസര്‍ വി.കെ. ബിജു, ലീഡിങ് ഫയര്‍മാന്മാരായ എം.സി. മനോജ്, ടി.കെ. ഹംസക്കോയ, വി.പി. അജയന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.