തെരുവുനായ്ക്കള്‍ക്ക് ജില്ലയില്‍ ആറു വന്ധ്യംകരണ കേന്ദ്രങ്ങള്‍

കോഴിക്കോട്: തെരുവുനായ് ശല്യം പരിഹരിക്കാനായി മൃഗസംരക്ഷണ വകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ ജില്ലയിലെ ആറു കേന്ദ്രങ്ങളില്‍ തെരുവുനായ് വന്ധ്യംകരണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ തീരുമാനം. വടകര, പേരാമ്പ്ര, കൊയിലാണ്ടി, കുന്ദമംഗലം, മാങ്കാവ്, ബാലുശ്ശേരി മൃഗാശുപത്രികളിലാണ് വന്ധ്യംകരണ കേന്ദ്രങ്ങള്‍ വരുക. തെരുവുനായ്ക്കളുടെ എണ്ണം തടയുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന എ.ബി.സി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിയുമായി യോജിച്ച് കാര്യങ്ങള്‍ നടപ്പാക്കാനും ആലോചിക്കുന്നുണ്ട്. നായ്ക്കളുടെ വന്ധ്യംകരണത്തിന് മൊബൈല്‍ യൂനിറ്റ് സംവിധാനം ഏര്‍പ്പെടുത്താനാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചത്. വന്ധ്യംകരിക്കപ്പെടുന്ന തെരുവുനായ്ക്കളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയാറുള്ള സന്നദ്ധ സംഘടനകളെ ചുമതലയേല്‍പിക്കും. പദ്ധതി സംബന്ധിച്ച് വിശദമായി ചര്‍ച്ചചെയ്യാന്‍ ഒക്ടോബര്‍ മൂന്നിന് 2.30ന് കലക്ടറേറ്റില്‍ യോഗം ചേരും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ജോയന്‍റ് ഡയറക്ടര്‍ യു.എസ്. രാമചന്ദ്രന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എ.സി. മോഹന്‍ദാസ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ആര്‍.എല്‍. സരിത എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.