ഐ.ടി.ഐ പരീക്ഷയില്‍ കൂട്ടത്തോല്‍വി: വിദ്യാര്‍ഥികള്‍ അനിശ്ചിതാവസ്ഥയില്‍

കോഴിക്കോട്: എന്‍.സി.വി.ടി നടത്തിയ 2015-16 ഐ.ടി.ഐ സര്‍വേയര്‍ ട്രേഡിലെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോല്‍വി. രണ്ട് സെമസ്റ്ററായി ആഗസ്റ്റ് മൂന്നിനും നാലിനും പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ ഫലം നവംബര്‍ മൂന്നിന് വന്നപ്പോളാണ് കൂട്ടത്തോല്‍വിയെന്ന് മാളിക്കടവ് ഗവ. ഐ.ടി.ഐ വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോളജ് പ്രിന്‍സിപ്പലിനും തൊഴില്‍ മന്ത്രാലയത്തിനും പരാതി നല്‍കിയെങ്കിലും അനുകൂല നടപടിയില്ലാതെ വിഷമിക്കുകയാണ് വിദ്യാര്‍ഥികള്‍. സപ്ളിമെന്‍ററി പരീക്ഷ എഴുതിയെടുക്കാന്‍ രണ്ടുകൊല്ലം വേണമെന്നിരിക്കെ മറ്റൊരു കോഴ്സിന് ചേരാനോ ഉന്നതപഠനം നടത്താനോ കഴിയില്ല. മുഴുവന്‍ കുട്ടികളും തോല്‍ക്കാന്‍ സാധ്യതയേ ഇല്ളെന്നും പാകപ്പിഴ പരിഹരിച്ച് പുനര്‍ മൂല്യനിര്‍ണയം നടത്തണമെന്നുമാണ് ആവശ്യം. ഒ.എം.ആര്‍ രീതിയില്‍ നടന്ന പരീക്ഷ സ്വകാര്യ കമ്പനിയാണ് മൂല്യനിര്‍ണയം നടത്തിയതെന്ന് മനസ്സിലാക്കിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. എംപ്ളോയബിലിറ്റി സ്കില്‍ എന്ന പേപ്പറിനാണ് കൂട്ടത്തോല്‍വി. കൂടാതെ വര്‍ക്ഷോപ് കാല്‍ക്കുലേഷന്‍ എന്ന പേപ്പറില്‍ പാസ് മാര്‍ക്ക് മാത്രം നല്‍കി. 50 മാര്‍ക്കിന്‍െറ ചോദ്യങ്ങളില്‍ 12.75 മാര്‍ക്ക് കിട്ടിയാല്‍ ജയിക്കുമെങ്കിലും മാളിക്കടവ് ഐ.ടി.ഐയില്‍നിന്ന് പരീക്ഷയെഴുതിയ 17 പേര്‍ക്കും എട്ട് മാര്‍ക്കും അതില്‍ കുറവുമാണ് നല്‍കിയത്. ഓണ്‍ ലൈന്‍ വഴി ഉത്തരക്കടലാസ് പരിശോധിച്ചപ്പോള്‍ ജയിക്കാനുള്ള മാര്‍ക്കുള്ളതായി കണ്ടതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. രാജ്യത്ത് തന്നെ വിരലിലെണ്ണാവുന്നവരാണ് ജയിച്ചത്. വിദ്യാര്‍ഥികളായ ഇ.പി. ജനിഷ, കെ.എം. ആതിര, കെ. വിനയ ധന്യ, പി. നജാദ്, കെ. ആനന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.