കാഴ്ചകളില്‍ വിസ്മയംനിറച്ച് നഗരംചുറ്റി പാത്തിപ്പാറ കോളനിയിലെ കുട്ടികള്‍

കോഴിക്കോട്: ഇന്ത്യയാണ് നമ്മുടെ രാജ്യമെന്ന് കഴിഞ്ഞയാഴ്ച മാത്രം അറിഞ്ഞ കുട്ടികള്‍. പക്ഷേ, ഏതാണ് നമ്മുടെ രാജ്യമെന്ന് പെട്ടന്ന് ചോദിച്ചപ്പോള്‍ അവരില്‍ ചിലര്‍ ഉത്തരംകിട്ടാതെ മേലോട്ടുനോക്കി. അധ്യാപകന്‍ ചെറിയൊരു ക്ളൂ നല്‍കിയപ്പോള്‍ കൃത്യമായ ഉത്തരം വന്നു. ഇന്ത്യ... ഏത് കുട്ടികളാണിതെന്ന് അദ്ഭുതപ്പെടാം. ജനിച്ചുവിഴുംമുമ്പേ അമേരിക്കയെയും ഐ ഫോണിനേയുമെല്ലാം കുറിച്ച് സംസാരിക്കുന്ന കുട്ടികളെ കണ്ട് ശീലിച്ച നമുക്ക് ഇതൊരദ്ഭുതമായിരിക്കാം. പക്ഷേ, ഇങ്ങനെയും കുട്ടികള്‍ ഇവിടെയുണ്ട്. ഭക്ഷണം കഴിക്കാനും ഗ്രാന്‍റ് വാങ്ങാനും മാത്രം സ്കൂളില്‍ പോകുന്നവര്‍. താമരശ്ശേരി പാത്തിപ്പാറ ആദിവാസി കോളനിയില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ളാസുകളില്‍ പഠിക്കുന്ന 21 പേര്‍. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ഓര്‍ഫനേജിന്‍െറ ആഭിമുഖ്യത്തില്‍ നഗരം കാണിക്കാന്‍ കൊണ്ടുവന്നതാണ് അവരെ. ആദ്യം മേഖലാ ശാസ്ത്രകേന്ദ്രമാണ് സന്ദര്‍ശിച്ചത്. ത്രീഡി തിയറ്ററില്‍ കയറി കണ്ണടവെച്ച് സിനിമ കാണാന്‍ ആകാംക്ഷയോടെയിരുന്നവര്‍ പാമ്പും കുരങ്ങനും വന്യജീവികളും അടുത്തേക്ക് വരുന്നതുകണ്ട് ഭയന്ന് നിലവിളിച്ചു. ചിലര്‍ മുഖം താഴ്ത്തിയിരുന്നു. വിരുതന്മാര്‍ കണ്ണട ഊരി കൈയില്‍ പിടിച്ചു. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ എല്ലാവരും സന്തോഷത്തോടെ സമ്മതിച്ചു... ഇഷ്ടമായെന്ന്. ദൂരദര്‍ശിനിയിലൂടെ സൂര്യനെയും കണ്ടു. എന്നാല്‍, കണ്ടത് സൂര്യനെ തന്നെയാണോയെന്ന് ചിലര്‍ക്ക് സംശയം. ചോപ്പ് നിറത്തിലാണ്. അത് സൂര്യന്‍ തന്നെയോയെന്ന് രഹസ്യമായി പിറുപിറുക്കുന്നു. എന്നാല്‍, അടുത്തേക്ക് ചെല്ലുമ്പോള്‍ മുഖം മറക്കും. പുറത്തുള്ളവരെ അഭിമുഖീകരിക്കാന്‍ ഇവര്‍ക്ക് മടിയാണ്. ഉച്ചവരെ മേഖലാ ശാസ്ത്രകേന്ദ്രത്തില്‍ കഴിഞ്ഞശേഷം വെള്ളയില്‍നിന്ന് ഭക്ഷണവും അതിനുശേഷം കലക്ടറുമായി കൂടിക്കാഴ്ചയും നടന്നു. ട്രെയിനും കടലുമൊന്നും ഇതേവരെ കാണാത്തവരാണ് പലരും. റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശനവും ബീച്ച് സന്ദര്‍ശനവും അവരെ ഏറ്റവും സന്തോഷിപ്പിച്ചു. തിരമാലകളോട് അടികൂടാന്‍ ആഗ്രഹമുണ്ടെങ്കിലും ചെറിയഭയം അവരെ പിറകിലേക്ക് വലിച്ചു. ആര്‍ക്കും പുറംലോകവുമായി പരിചയമില്ല. പലരും ആദ്യമായി കോളനി വിട്ട് പുറത്തിറങ്ങിയവരാണ്. അതിന്‍േറതായ അങ്കലാപ്പും എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. സ്കൂളുകളില്‍ കുറെയേറെ കൃത്യത പാലിക്കുന്നവരെയാണ് വിനോദയാത്രക്കായി കൊണ്ടുവന്നതെന്ന് അധ്യാപകന്‍ ജോയ് സെബാസ്റ്റ്യന്‍ പറഞ്ഞു. നെല്ലിപ്പൊയില്‍ സെന്‍റ് തോമസ് എല്‍.പി സ്കൂള്‍, സെന്‍റ് ജോണ്‍സ് ഹൈസ്കൂള്‍, മഞ്ഞവയല്‍ വിമല യു.പി സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണിവര്‍. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ജില്ലാ സെക്രട്ടറി എം.എസ്. ഷാജിയുടെ നേതൃത്വത്തിലാണ് കുട്ടികളെ നഗരം കാണിക്കുന്നതിനായി കൊണ്ടുവന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.