റോഡ് നിര്‍മിക്കാന്‍ തോടിനെ കൊല്ലണോ?

കോഴിക്കോട്: വെസ്റ്റ് മാങ്കാവ് നാലുകണ്ടം പടന്നയില്‍ തോട് മണ്ണിട്ടുനികത്തി റോഡ് നിര്‍മാണം. കഴിഞ്ഞ നവംബര്‍ 24നാണ് പി.ഡബ്ള്യു.ഡിയുടെ കീഴില്‍ റോഡ് നിര്‍മാണത്തിന്‍െറ ഭാഗമായി തോടിന്‍െറ വലിയൊരുഭാഗം മണ്ണിട്ടുനികത്തിയത്.സമീപ പ്രദേശങ്ങളില്‍നിന്നു ചെറിയ തോടുകളില്‍നിന്ന് ഒഴുകിയത്തെുന്ന വെള്ളം ഈ തോട്ടിലൂടെയാണ് മാങ്കാവ് പുഴയിലേക്ക് എത്തുന്നത്. നിര്‍മാണത്തിന്‍െറ ഭാഗമായി ഒറ്റ ദിവസംകൊണ്ട് തോടിന്‍െറ ഭൂരിഭാഗവും മണ്ണിട്ടതോടെ നാട്ടുകാരില്‍ ചിലര്‍ രംഗത്തുവന്നു. ഇതോടെ താല്‍ക്കാലികമായി റോഡ് നിര്‍മാണം നിര്‍ത്തുകയായിരുന്നു. തോട് മണ്ണിട്ടുനികത്തി രണ്ട് അടിയായി ചുരുക്കി ബാക്കി ഭാഗത്ത് റോഡ് നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, തോടിന് വീതി കുറയുന്നത് മഴക്കാലത്ത് സമീപപ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടിന് ഇടയാക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍തന്നെ മഴക്കാലത്ത് സമീപത്തുള്ള റോഡുകളില്‍ വെള്ളം കെട്ടിനില്‍ക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തോട് ചെറുതാക്കുന്നത് ഭാവിയില്‍ പ്രശ്നം രൂക്ഷമാക്കാനേ ഇടവരുത്തൂവെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്.നിലവില്‍ ഈ പ്രദേശത്തുള്ള മിക്ക വീടുകളിലേക്കും റോഡ് സൗകര്യമുണ്ടെന്നിരിക്കെ ഇത്തരമൊരു വികസനം ആര്‍ക്കുവേണ്ടിയാണെന്ന് ചോദ്യമുയരുന്നുണ്ട്. ഒന്നോ രണ്ടോ വീട്ടുകാര്‍ക്കു മാത്രമാണ് ഇതിന്‍െറ പ്രയോജനം ലഭിക്കുക. കുറഞ്ഞത് ഒന്നര മീറ്റര്‍ വീതിയിലെങ്കിലും തോടിനുള്ള സ്ഥലം വിട്ട് ബാക്കി ഭാഗത്ത് റോഡ് വരുന്നതില്‍ എതിര്‍പ്പില്ളെന്ന് നിര്‍മാണം നടക്കുന്ന സ്ഥലത്തെ റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ദിവാകരന്‍ പറയുന്നു. കൃത്യമായ ഓര്‍ഡര്‍ പ്രകാരമാണ് ജോലി ആരംഭിച്ചതെന്ന് പി.ഡബ്ള്യു.ഡി അധികൃതര്‍ പറയുന്നുണ്ടെങ്കിലും കോര്‍പറേഷന്‍െറ അറിവോടെയല്ല നിര്‍മാണം തുടങ്ങിയതെന്നും ആരോപണമുണ്ട്. ഇതിനെതിരെ ഇരുപതോളം പേര്‍ ഒപ്പിട്ട പരാതി കോര്‍പറേഷനില്‍ എത്തിയിട്ടുണ്ട്. എന്നാല്‍, പ്രദേശത്തെ ഒരു വിഭാഗം നാട്ടുകാരുടെ എതിര്‍പ്പ് പരിഗണിച്ചാണ് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിയതെന്നും ബന്ധപ്പെട്ടവരുമായി ആലോചിച്ച് ജോലികള്‍ തുടരുമെന്നും പി.ഡബ്ള്യു.ഡി എന്‍ജിനീയര്‍ പറഞ്ഞു. എം.എല്‍.എ ഫണ്ട് ഉപയോഗിച്ചുള്ള വികസനത്തിന്‍െറ ഭാഗമായാണ് നിര്‍മാണം നടക്കുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. തോടിന്‍െറ വീതി കുറക്കണമെന്നും റോഡ് നിര്‍മിക്കണമെന്നുമാണ് അതിനു സമീപം താമസിക്കുന്ന വീട്ടുകാരുടെ ആവശ്യമെന്നും നിലവില്‍ ലഭിച്ച പ്ളാനില്‍ വല്ല മാറ്റവുമുണ്ടെങ്കില്‍ പി.ഡബ്ള്യു.ഡി അധികൃതരുമായി ചര്‍ച്ചചെയ്യുമെന്നും കൗണ്‍സിലര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.