തമിഴ് കോളനികളില്‍ ഹര്‍ത്താല്‍ പ്രതീതി

ചേളന്നൂര്‍: ജയലളിതയുടെ വിയോഗമുയര്‍ത്തിയ വേദന തമിഴതിര്‍ത്തി കടന്ന് ചേളന്നൂരിലും പ്രകടമായി. കുമാരസ്വാമിയിലെയും കക്കോടിമുക്കിലെയും അമ്പതോളം തമിഴ് കുടുംബങ്ങളാണ് ജയലളിതയുടെ മരണവാര്‍ത്ത കേട്ട് കണ്ണീരിലാണ്ടത്. തിങ്കളാഴ്ച രാത്രി 11.45ഓടെയാണ് ജയലളിതയുടെ മരണവിവരം കക്കോടിമുക്കിലെ തമിഴ് കോളനിയില്‍ അറിയുന്നത്. മരണവാര്‍ത്ത കേട്ടതോടെ പിന്നെ കോളനിയിലെ പലരും ഉറങ്ങിയില്ല. ചിലര്‍ നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും എത്തിപ്പെടാന്‍ കഴിയില്ളെന്ന് ബോധ്യമായതോടെ ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നെന്ന് കോളനിയില്‍ താമസിക്കുന്ന ആര്‍. മുത്തുപാണ്ഡ്യന്‍െറ മകന്‍ കുട്ടി പറയുന്നു. ചൊവ്വാഴ്ച രാവിലെതന്നെ കുടുംബാംഗങ്ങള്‍ അമ്മയുടെ ഫോട്ടോവെച്ച് മാലചാര്‍ത്തി പ്രാര്‍ഥനയില്‍ മുഴുകി. കുമാരസ്വാമിയിലെ മുത്തുപാണ്ഡ്യന്‍െറ കടക്കു മുന്നിലായിരുന്നു ഇവര്‍ പ്രാര്‍ഥന നടത്തിയത്. ഈ കുടുംബാംഗങ്ങളൊന്നും ചൊവ്വാഴ്ച ജോലിക്ക് പോയിരുന്നില്ല. കുടുംബാംഗങ്ങളിലെ മുതിര്‍ന്നവരെല്ലാം ജയലളിതയെ പലതവണ നേരില്‍ കണ്ടവരാണ്. ജയലളിതയുടെ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെക്ക് പല മണ്ഡലങ്ങളിലും തിരിച്ചടികള്‍ നേരിട്ടപ്പോഴും തങ്ങളുടെ മണ്ഡലമായ തിരുനെല്‍വേലി ശങ്കര്‍കോവിലില്‍ അടുപ്പിച്ച് നാലു തവണയാണ് അമ്മയുടെ പാര്‍ട്ടി ജയിച്ചതെന്ന് കോളനിവാസി മുരുകന്‍ പറയുന്നു. 20 വര്‍ഷമായി കുമാരസ്വാമിയില്‍ കച്ചവടം നടത്തുന്ന മുത്തുപാണ്ഡ്യന്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയായി ജയിച്ച തിരുനെല്‍വേലി മേലേ നരിക്കുടി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട്ടിലേക്ക് പോയിരിക്കുകയാണ്. ശ്രീമു പാണ്ഡ്യന്‍, മുത്തുക്കുട്ടി, ഗോപാലന്‍, സെല്‍വന്‍, കാശിത്തുരൈ, കുമാര്‍, ദേവരാജ്, മരുതുപാണ്ഡി എന്നിവര്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.