ഉച്ചച്ചൂടിലേക്ക് പെയ്തിറങ്ങി വേനല്‍മഴ

കോഴിക്കോട്: പതിവു തെറ്റിച്ച് ഇത്തവണ വേനല്‍മഴ രാവിലെ പെയ്തു. ചുട്ടുപൊള്ളുന്ന വെയിലിന് ഇതോടെ അല്‍പം ശമനം വന്നു. സാധാരണ വൈകുന്നേരങ്ങളിലാണ് വേനല്‍മഴ പെയ്യാറ്. എന്നാല്‍, ശനിയാഴ്ച രാവിലത്തെന്നെ അന്തരീക്ഷം മൂടിക്കെട്ടിനില്‍ക്കുന്നുണ്ടായിരുന്നു. 10 മണിയോടെ പല സ്ഥലത്തും മഴ ചാറാന്‍ തുടങ്ങി. പിന്നെ പതിയെ മഴ കനക്കുകയായിരുന്നു. ഉച്ചവരെ ടൗണിലെ മിക്കയിടത്തും കനത്ത മഴയും ഇടിമിന്നലുമുണ്ടായി. ജില്ലയിലെ പല ഭാഗത്തും മണിക്കൂറുകളോളം മഴ പെയ്തു. കുന്ദമംഗലം, ഫറോക്ക് എന്നിവിടങ്ങളില്‍ നല്ല മഴ ലഭിച്ചു. നടുവണ്ണൂര്‍, ബാലുശ്ശേരി എന്നിവിടങ്ങളില്‍ ഉച്ചക്കു ശേഷമാണ് മഴ ചാറിയത്. അരീക്കാട് ശനിയാഴ്ച പുലര്‍ച്ചെ മഴ പെയ്തു. മഴയത്തെുടര്‍ന്ന് ഫറോക്കിലും അരീക്കാടും ഏറെ നേരം വൈദ്യുതി മുടങ്ങി. എന്നാല്‍, 11 കെ.വി വൈദ്യുതി ലൈന്‍ മണ്ണിനടിയിലൂടെ പോകുന്നതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചതാണെന്ന് അധികൃതര്‍ അറിയിച്ചു. അപ്രതീക്ഷിത മഴ വഴിയോരക്കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കി. പലരുടെയും വില്‍പന സാധനങ്ങള്‍ നനഞ്ഞുപോയി. സാധനങ്ങള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ കഴിയുന്നതിനു മുമ്പേ മഴ തുടങ്ങിയിരുന്നു. വെള്ളിമാടുകുന്നില്‍ ചില വീടുകളില്‍ വെള്ളം കയറി. വളരെ പെട്ടെന്ന് വെള്ളം വലിഞ്ഞുപോയതിനാല്‍ കാര്യമായ നാശനഷ്ടമൊന്നുമുണ്ടായില്ല. മെഡിക്കല്‍ കോളജില്‍ വൈദ്യുതിക്കമ്പിയിലേക്ക് മരച്ചില്ല വീണതോടെ കുറച്ചു സമയം വൈദ്യുതി നിലച്ചു. ഇംഗ്ളീഷ് പള്ളിക്ക് സമീപം റോഡിലേക്ക് മരം വീണത് ഗതാഗതം തടസ്സപ്പെടുത്തി. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെിയാണ് മരം മുറിച്ചുനീക്കിയത്. ചാലപ്പുറത്ത് തെങ്ങിന് മിന്നലേല്‍ക്കുകയും ചെയ്തു. പെട്ടെന്നു പെയ്ത മഴയില്‍ കുടയില്ലാത്തവരും ശരിക്കും കുടങ്ങി. കടത്തിണ്ണയിലും മറ്റും കയറി നില്‍ക്കുകയേ രക്ഷയുണ്ടായിരുന്നുള്ളൂ. എന്നാല്‍, ചൂടില്‍നിന്ന് രക്ഷപ്പെടാനായി വേനല്‍മഴ ആസ്വദിച്ചു നനഞ്ഞവരും ഏറെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.