കൊച്ചി: ഡോര്‍മിറ്ററിയില്‍നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ തിരിച്ചുവാങ്ങാനെത്തിയ വിദ്യാര്‍ഥിയെ മര്‍ദിച്ച് പണം കവര്‍ന്ന കേസില്‍ ആറംഗ സംഘം അറസ്റ്റില്‍. മൂന്നു ദിവസം മുമ്പ് ജയില്‍ മോചിതനായ കടവന്ത്ര കരുത്തല ചേമ്പുകാട് കോളനി പുഷ്പനഗറില്‍ ദേവകുമാര്‍ (26), കൂട്ടാളികള്‍ ചേമ്പുകാട് കോളനിയില്‍ സനല്‍ കുമാര്‍ (22), വടുതല അരൂക്കുറ്റി പാമ്പാടി നദ്വത്ത് നഗറില്‍ ആദില്‍ (24), കടവന്ത്ര എളംകുളം കോതുരുത്തി പറമ്പില്‍ മാക്സണ്‍ ജോസഫ് (20), ഗാന്ധിനഗര്‍ കോളനിയില്‍ രാഹുല്‍ (20), ഉദയ കോളനിയില്‍ സനില്‍ സുധീര്‍ (19) എന്നിവരാണ് നോര്‍ത്ത് പൊലീസിെൻറ പിടിയിലായത്. ലിസി ആശുപത്രി ജങ്ഷന് സമീപത്തെ ഡോര്‍മിറ്ററിയില്‍ തങ്ങി ക്വാളിറ്റി കണ്‍ട്രോള്‍ കോഴ്സിന് പഠിക്കുന്ന പാലക്കാട് സ്വദേശി അഭിനവിനെയാണ് മര്‍ദിച്ചവശനാക്കിയത്. മോഷണ സംഘത്തില്‍പ്പെട്ട ഒരാള്‍ ഇയാളുടെ സുഹൃത്താണ്. തിങ്കളാഴ്ച വൈകീട്ട് ഡോര്‍മിറ്ററിയില്‍ എത്തിയ സംഘം മുറിയില്‍നിന്ന് രണ്ട് മൊബൈല്‍ ഫോണുകളുമായി കടന്നു. ഫോണുകള്‍ തിരികെ വാങ്ങാന്‍ ശ്രമിച്ച അഭിനവിനോട് 2000 രൂപ തന്നാല്‍ തിരികെ നൽകാമെന്ന് പറഞ്ഞു. ഇതുപ്രകാരം നോര്‍ത്ത് സ്റ്റേഷനിലെ റെയിൽവേ മാര്‍ഷല്‍ യാര്‍ഡിലെത്തിയ യുവാവിനെ മോഷണസംഘം ഇടിവളയും കൂര്‍ത്ത മോതിരങ്ങളും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കലൂര്‍ ദേശാഭിമാനി ജങ്ഷനിലെ എ.ടി.എമ്മില്‍ കൊണ്ടുപോയി 7000 രൂപ പിന്‍വലിപ്പിച്ചു. ഈ തുകയുമായി രക്ഷപ്പെട്ട സംഘത്തെ നോര്‍ത്ത് എസ്.ഐ വിപിന്‍ദാസിെൻറ നേതൃത്വത്തില്‍ നഗരത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നാണ് പിടികൂടിയത്. സംഭവദിവസം ഇതേസംഘം മറ്റൊരു യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നതായി സൂചനയുണ്ട്. ഇതേപ്പറ്റി കടവന്ത്ര പൊലീസ് അന്വേഷണം തുടങ്ങി. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ദേവകുമാര്‍ പണം കൈവശം ഇല്ലാത്തതിനാലാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഒരു മൊബൈല്‍ ഫോണും പണവും വീണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.