അക്ഷയ്,ഹരികൃഷ്ണൻ
ആലുവ: ശിവരാത്രി വ്യാപാരോത്സവം നടക്കുന്ന മണപ്പുറത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണം. ഞായറാഴ്ച രാത്രിയാണ് സംഭവം. ആക്രമണം തടയാൻ ശ്രമിച്ച പൊലീസുകാരനെയും ഗുണ്ടകൾ ക്രൂരമായി മർദിച്ചു. മദ്യപിച്ച് ബഹളമുണ്ടാക്കാൻ ശ്രമിച്ചവരെ തടയാൻ ശ്രമിച്ച രഞ്ജിത് എന്ന പൊലീസുകാരനാണ് മർദനമേറ്റത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ബൈക്കിൽ വരുകയായിരുന്ന ഇവരോട് മണപ്പുറം റോഡിൽ ബൈക്ക് പാർക്ക് ചെയ്യരുതെന്ന് പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് ചെങ്ങമനാട് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ പാറക്കടവ് സ്വദേശി രജ്ഞിത്തിന് മർദനമേറ്റത്. പരിക്കേറ്റ പൊലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച ചിലർ ആലുവ ശിവരാത്രി മണപ്പുറത്ത് മദ്യപ്പിച്ച് പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചിരുന്നു. സ്ഥലത്തെ പ്രധാന ഗുണ്ടകളാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് അക്രമത്തിന് വന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരെ തടയാൻ ശ്രമിച്ചതോടെ പൊലീസുകാരനേയും ഇവർ മർദിക്കുകയായിരുന്നു. കടകളിലെ ജീവനക്കാർക്ക് നേരെയും കൈയേറ്റം നടന്നു.
പൊലീസ് ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ രണ്ടുപേരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ വെസ്റ്റ് കടുങ്ങല്ലൂർ തണ്ടാർക്കര വീട്ടിൽ അക്ഷയ് (29), ആലുവ കടുങ്ങല്ലൂർ കൊടുമ്പള്ളി വീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.ആലുവ ഇൻസ്പെക്ടർ ജി.പി. മനു രാജിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.