അങ്കമാലി ടൗണിലെ ട്രാൻസ്ഫോർമർ കത്തിയതിനെത്തുടർന്ന് കെ.എസ്.ഇ.ബി അധികൃതരും, അഗ്നി രക്ഷസേനയുമെത്തി തീ നിർവീര്യമാക്കിയപ്പോൾ
അങ്കമാലി: പട്ടണത്തിലെ വഴിയോരത്തെ ട്രാൻസ്ഫോർമറിലുണ്ടായ അഗ്നിബാധ അര മണിക്കൂറോളം ഭീതി പരത്തി. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും, മറ്റും തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. കെ.എസ്.ഇ.ബി അധികൃതരുടേയും, അഗ്നി രക്ഷസേനയുടേയും സമയോചിത ഇടപെടലാണ് തീയണക്കാൻ സഹായമായത്. തിങ്കളാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. വ്യാപാ വ്യാപാര സ്ഥാപനങ്ങൾക്കും, ദേശീയപാതക്കും മധ്യേ വഴിയോരത്തെ ട്രാൻസ്ഫോർമറിലായിരുന്നു തീ പിടുത്തം. തൊട്ടടുത്ത് ഓട്ടോ സ്റ്റാൻഡുണ്ട്. മാർക്കറ്റിൽ വന്ന് പോകുന്ന യാത്രക്കാരും, വാഹനങ്ങളും അടക്കം തിങ്ങിനിറഞ്ഞ ഭാഗത്തായിരുന്നു സംഭവം.
ട്രാൻസ്ഫോർമറിൽ നിന്ന് തീ പാറുന്നതും, പുകയുന്നതും കണ്ട യാത്രക്കാർ പലരും ഓടി മാറുകയായിരുന്നു. സംഭവം കണ്ട് ഓട്ടോകളും സ്ഥലത്ത് നിന്ന് നീക്കി. അൽപ്പ സമയത്തിനകം കത്തൽ മൂർജിച്ച് കറുത്ത പുകയും, രൂക്ഷഗന്ധവും അനുഭവപ്പെടുകയായിരുന്നു. അപ്പോഴേക്കും വ്യാപാരികളും മറ്റും സ്ഥലത്ത് തടിച്ച് കൂടിയെങ്കിലും തീനിർവീര്യമാക്കാൻ മാർഗമില്ലാതെ വലഞ്ഞു.
വ്യാപാരികൾ അറിയിച്ച പ്രകാരം കെ.എസ്.ഇ.ബി അധികൃതരും, അഗ്നി രക്ഷസേനയും ഉടനെ സ്ഥലത്തെത്തുകയും അരമണിക്കൂറോളം ശ്രമം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തത്. അപ്പോഴേക്കും ട്രാൻസ്ഫോർമർ ഭാഗികമായി കത്തി നശിച്ചിരുന്നു. ഇതേത്തുടർന്ന് പട്ടണത്തിലും, പരിസരങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. യുദ്ധകാലടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി അധികൃതർ ഇടപെട്ടതിനാൽ സന്ധ്യയോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. ഷോർട്ട് സർക്യൂട്ടാകാം അഗ്നിബാധക്കിടയാക്കിയതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.