കാക്കനാട് ഗാന്ധിപാര്‍ക്കിന് സമീപം ആരംഭിക്കുന്ന ഏബിള്‍ പോയന്റ് മാതൃക
കാക്കനാട്: ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കും തൊഴില്‍ നല്കാന് സംസ്ഥാനത്ത് ആരംഭിക്കുന്ന 100 ഏബിള്‍ പോയന്റ് ഔട്ട്ലെറ്റ് പദ്ധതിയുടെ ആദ്യ ഔട്ട്ലെറ്റ് കാക്കനാട് ഗാന്ധി പാര്ക്കിന് സമീപം ഒരുങ്ങുന്നു. ഭിന്നശേഷി ക്ഷേമ കോര്പറേഷന് തൃക്കാക്കര നഗരസഭയുടെ സഹകരണത്തോടെയാണ് പദ്ധതിയാരംഭിക്കുന്നത്.
എബിലിറ്റി ബിയോണ്ട് ലിമിറ്റ്സ് എന്ന പദ്ധതിക്കുകീഴില്‍ ഏബിള്‍ പോയന്റ് എന്ന പേരിലാണ് ഓരോ യൂനിറ്റും സ്ഥാപിക്കുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികളുടെ സാമൂഹിക ഉള്‍പ്പെടുത്തലും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ടാണ് പദ്ധതി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു താൽപര്യമെടുത്താണ് ഇന്ത്യയിലാദ്യമായി ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള പദ്ധതി നടപ്പിലാക്കുന്നത്.
ഖാദി ബോര്‍ഡുമായി ബന്ധപ്പെട്ട കരകൗശല തൊഴിലാളികള്‍, നെയ്ത്തുകാര്‍, സ്ത്രീകള്‍ നയിക്കുന്ന കുടില്‍ വ്യവസായങ്ങള്‍ എന്നിവയ്ക്കായുള്ള സുസ്ഥിര വിപണി ശൃംഖല ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ജനസാന്ദ്രതയുള്ള സ്ഥലങ്ങള്‍, ജില്ല ഭരണകൂട കേന്ദ്രങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ല, താലൂക്ക് ആശുപത്രി പരിസരങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ‘ഏബിള്‍ പോയിന്റ്’ വില്പനശാലകള്ക്കായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്രമുഖ ആരാധനാലയ പരിസരങ്ങളിലും യൂനിറ്റുകള്‍ തുടങ്ങും. ഏബിള്‍ പോയന്റ് ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം പതിനയ്യായിരത്തില്‍ കുറയാത്ത വേതനം ഉറപ്പാക്കാനാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഗുണഭോക്താക്കളെ ഭിന്നശേഷി ക്ഷേമ കോര്പറേഷന് കണ്ടെത്തും. ഇവര്‍ക്ക് പരിശീലനം നല്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളെയും എൻ.ജി.ഒകളെയും സഹകരിപ്പിക്കും. അവര്‍ക്ക് കസ്റ്റമര്‍ സർവിസ്, വില്‍പ്പന തന്ത്രങ്ങള്‍, ഉല്‍പ്പന്ന പരിജ്ഞാനം, ഇന്‍വെന്ററി മാനേജ്മെന്റ് എന്നിവയില്‍ പരിശീലനം ഉറപ്പാക്കും. വിവിധ കമ്പനികളില്‍ നിന്നും എൻ.ജി.ഒകളില്നിന്നും വ്യക്തികളില്‍ നിന്നും ലഭിക്കുന്ന സ്പോണ്‍സര്‍ഷിപ്പുകളും ഏബിള്‍ പോയന്റ് യൂനിറ്റുകള്‍ നിർമിക്കാന്‍ ഉപയോഗപ്പെടുത്തും.
കാക്കനാട് ഏബിള്‍ പോയന്റിനോടനുബന്ധിച്ച് കേരളത്തിലാദ്യത്തെ ഭിന്നശേഷിക്കാര്‍ മാത്രം പ്രവര്‍ത്തിപ്പിക്കുന്ന ഇന്‍ക്ലൂസീവ് ക്ലൗഡ് കിച്ചണ്‍ ഈ പദ്ധതിയുടെ ഭാഗമാവും. ഭക്ഷണ നിർമാണം, പാക്കിങ്, ഓര്‍ഡര്‍ മാനേജ്മെന്റ്, വിതരണം എന്നിവയുള്‍പ്പെടെ വിവിധ ഘട്ടങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് പരിശീലനവും തൊഴില്‍ അവസരവും ഇന്‍ക്ലൂസീവ് കിച്ചണ്‍ നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.