കായൽ പരപ്പിൽ നീല വെളിച്ചം തെളിയുന്ന കവര് പ്രതിഭാസം (ഫയൽ ചിത്രം)
പള്ളുരുത്തി: ശനിയാഴ്ച വേനൽമഴ പെയ്തിറങ്ങിയതോടെ നയന മനോഹര കാഴ്ചയൊരുക്കി ചെല്ലാനം, കുമ്പളങ്ങി കായലുകളിൽ നീല വെളിച്ചവുമായി കവര് പ്രത്യക്ഷപ്പെട്ട് തുടങ്ങി. ചെറുതായി കണ്ടുതുടങ്ങിയ കവര് അടുത്ത മാസത്തോടെ നന്നായി കാണുവാനാകുമെന്നാണ് ഗവേഷകർ പറയുന്നത്.
കടൽ, കായൽ വെള്ളത്തിൽ ജീവിക്കുന്ന നൊക്റ്റി ലൂക്കസിന്റിലൻസ് എന്ന ഏക കോശ ജീവിയുടെ ജൈവ ദീപ്തിയാണ് (ബയോ ലൂമിന സെൻസ്) കവര് എന്ന സീ സ്പാർക്കിൾ. ഉപ്പുള്ള കായൽ ജലത്തിലെ ആൽഗ, ബാക്ടീരിയ, ഫംഗസ് മുതലായ സൂക്ഷ്മ ജീവി വർഗങ്ങളിലെ ചില വകഭേദങ്ങൾക്ക് സൂര്യ പ്രകാശം ആഗിരണം ചെയ്യാനും വേണ്ടപ്പോൾ പുറത്തുവിടാനുമുള്ള കഴിവുണ്ട്. ആവശ്യാനുസരണം പ്രകാശം പുറത്തുവിടാനും നിർത്താനുമുള്ള ഡിമ്മർ സ്വിച്ച് ഇവയ്ക്കുണ്ട്. ഒക്സിജൻ നിയന്ത്രിച്ച് കടത്തിവിട്ട് അൾട്രാ വയലറ്റ് രശ്മികളിൽ ഓക്സിഡേഷൻ നടത്തി ആണ് പ്രകാശം പുറത്ത് വിടുന്നത്. ശത്രുക്കളിൽ നിന്ന് രക്ഷ നേടാനാണിത്.
ജലത്തിൽ ഇളക്കം തട്ടുമ്പോഴും അവയ്ക്ക് ആവശ്യം ഉള്ളപ്പോഴും അവിടെയുള്ള എല്ലാ നൊക്റ്റി ലൂക്ക ബാക്റ്റീരിയകളും ഒന്നായി ചേർന്ന് പുറപ്പെടുവിക്കുന്ന പ്രകാശമാണ് നമുക്ക് നയന മനോഹര നീല വെളിച്ചമായി ദൃശ്യ വിസ്മയം തീർക്കുന്നത്. ഉപ്പിന്റെ സാന്നിധ്യം കൂടുന്ന വേനൽ കാലത്ത് മാത്രമാണ് കായലിലെ ഈ നീല വെളിച്ചം ദൃശ്യമാകുക. ഫെബ്രുവരി മുതൽ ഏപ്രിൽ, മേയ് വരെ കായലുകളിലെ ഒഴുക്ക് കുറഞ്ഞ പ്രദേശങ്ങളിൽ ഇത് നന്നായി കാണാൻ കഴിയും. എല്ലാ വർഷവും കവര് കാണാൻ കുമ്പളങ്ങിയിൽ സഞ്ചാരികളുടെ വൻ തിരക്കാണ് ഉണ്ടാകാറുള്ളത്. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമ പുറത്തിറങ്ങിയതോടെ കവര് കാണൽ സഞ്ചാരികളുടെ പ്രിയ വിനോദമായി മാറിയിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.