ഒരാഴ്ചത്തെ കേരളയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഡൽഹിക്കാരി വീട്ടമ്മക്ക് യാത്രയിലെ സുന്ദര നിമിഷങ്ങൾ (അങ്ങനെയൊന്നുണ്ടെങ്കിൽ) ഓർക്കാൻസമയമില്ല. പെട്ടികളെല്ലാം ഒഴിക്കണം, കൂനയായിക്കിടക്കുന്ന വസ്ത്രങ്ങൾ അലക്കണം, അടുക്കള റീസ്റ്റാർട്ട് ചെയ്യണം, കുട്ടികളുടെ കാര്യങ്ങൾ വീണ്ടും ഒന്നിൽനിന്ന് തുടങ്ങണം..അങ്ങനെ പോകുന്നു ഒരു അവധിക്കാല യാത്ര ക്ലൈമാക്സ്.
ഇതുമാത്രമോ, വെക്കേഷനാണെങ്കിലും ഉത്തരവാദിത്തങ്ങളും ചുമതലകളും വീട്ടമ്മക്കൊപ്പം യാത്ര ചെയ്യാനുണ്ടാകും. അവളുടെ യാത്രയിൽ കാഴ്ചകൾക്ക് മാത്രമേ മാറ്റമുണ്ടാകൂ. കുട്ടികളുടെ ഭക്ഷണം, അവരെ നോക്കൽ, ഭർത്താവിന് ഓരോ ദിവസവും അണിയേണ്ട വസ്ത്രങ്ങൾ എടുത്തു നൽകലും ഉപയോഗിച്ചവ മടക്കിവെക്കലും, മരുന്നുകൾ എന്നിങ്ങനെ, ഏതു സുന്ദര ഡെസ്റ്റിനേഷനിലായാലും അവൾക്ക് ചെയ്യാനുള്ളത് ഒരേ കാര്യങ്ങൾതന്നെ. ചുരുക്കത്തിൽ, ഉല്ലാസയാത്രക്ക് ഇറങ്ങുന്ന ശരാശരി ഇന്ത്യൻ വീട്ടമ്മക്ക് ഒപ്പം ‘പുരുഷാധിപത്യ’വും ഉണ്ടാവുമെന്നർഥം.
‘‘സ്ത്രീയുടെ കാഴ്ചപ്പാടിൽ അവധിക്കാലങ്ങൾ എന്നത് കൂടുതൽ ജോലിയെന്നാണ് പലപ്പോഴും അർഥം. കുട്ടികളെയും മുതിർന്നവരെയും പരിചരിക്കൽ യാത്രയിൽ കൂടുതൽ ശ്രമകരമായ ജോലിയായിരിക്കും. ഇതിന്റെ ഫലമായി ശാരീരികമായി മാത്രമല്ല മാനസികമായും അവൾ തളരുകയാണ് അവധിക്കാല യാത്രകളിൽ’’ -മനഃശാസ്ത്രജ്ഞൻ അബ്സി സാം അഭിപ്രായപ്പെടുന്നു.
പരിചരണം പിക്നിക്കിലും
പിന്തുണക്കണമെന്ന ചിന്തയില്ലാത്ത ഭർത്താവാണെങ്കിൽ അവൾക്ക് അവധിക്കാലം പേടിസ്വപ്നമായിത്തീരും. ലഗേജുകളെല്ലാം ഉറപ്പാക്കുന്നതും സൂക്ഷിക്കുന്നതും അവളായിരിക്കും. ചൂടുവെള്ളവും പാലും ഡയപറും മരുന്നും എക്സ്ട്രാ വസ്ത്രങ്ങളുമൊക്കെ ശ്രദ്ധിക്കണം. എന്നാൽ അവളുടെ പരിചരണം ഏറ്റുവാങ്ങുന്നവരോ, തീർത്തും ഹോളിഡേ മൂഡിലായിരിക്കുകയും ചെയ്യും.
‘‘ഞങ്ങൾ നാലു കുടുംബങ്ങൾ ഗോവയിൽ പോയപ്പോഴുണ്ടായ അനുഭവം മറക്കില്ല. വൈകുന്നേരത്തോടെ പുരുഷന്മാരെല്ലാം പാർട്ടി എന്നൊക്കെ പറഞ്ഞ് പോയി. അത്തരം അന്തരീക്ഷം സ്ത്രീകൾക്ക് പറ്റില്ല എന്നതിനാൽ ഞങ്ങൾക്ക് ഹോട്ടൽമുറിയിൽതന്നെ കഴിയേണ്ടിവന്നു’’ -രണ്ടു കുട്ടികളുടെ അമ്മയായ അമിത ഭാർഗവ ഓർക്കുന്നു.
എങ്ങനെയാവണം അവളുടെ അവധി യാത്ര?
എപ്പോഴും തലയിലുണ്ടാകുന്ന വലിയ ചുമതലകളുടെ ഭാരമില്ലാതെ, മറ്റുള്ളവരുടെ പ്രതീക്ഷകൾക്ക് എപ്പോഴും നിന്നുകൊടുക്കേണ്ടാത്ത ഒരു അന്തരീക്ഷത്തിൽ മാത്രമേ അവൾക്ക് അവധിക്കാലം ആസ്വദിക്കാനാകൂ. എത്ര വേണമെങ്കിലും വെറുതെയിരിക്കാനും ഉറങ്ങാനും കഴിയുന്ന, മറ്റുള്ളവർ ഉണ്ടാക്കിയ ഭക്ഷണം ആസ്വദിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷമാണെങ്കിൽ അതു മാത്രം മതി ഒരു ഇന്ത്യൻ വീട്ടമ്മക്ക് അവധി ആസ്വദിക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.