സ്കൂട്ടർ യാത്രികനെ തടയുന്ന പ്രഭാവതിയമ്മ
കോഴിക്കോട്: കാൽനടയാത്രക്കാർക്ക് അപകടകരമായ രീതിയിൽ ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ച യാത്രികനെ തടഞ്ഞ് സമൂഹ മാധ്യമങ്ങളിൽ ൈവറലായ വീട്ടമ്മയെ തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു സമീപം ഫുട്പാത്തിലൂടെ സ്‌കൂട്ടർ കൊണ്ടുപോകാൻ ശ്രമിച്ചയാളെ തടഞ്ഞ് താരമായ വീട്ടമ്മയെയാണ് തിരിച്ചറിഞ്ഞത്. എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതിയമ്മയാണ് മണിക്കൂറുകൾകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ താരമായത്.
ജങ്ഷനിലെ തിരക്ക് മറികടക്കാൻ റോഡിൽനിന്ന് ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിക്കുകയായിരുന്നു. തന്റെ മുന്നിലെത്തിയ യാത്രികനെ പ്രഭാവതി അമ്മ തടഞ്ഞു. പലതവണ മറികടക്കാൻ സ്കൂട്ടർ യാത്രികൻ ശ്രമിച്ചെങ്കിലും സ്കൂട്ടറിന്റെ മുന്നിൽനിന്ന് മാറാതെ പ്രഭാവതിയമ്മയും നിന്നു.
നിയമവിരുദ്ധ പ്രവൃത്തികൾ താൻ വിഡിയോയിൽ പകർത്തുമെന്ന് വീട്ടമ്മ ഭീഷണിപ്പെടുത്തിയതോടെ സ്കൂട്ടർ യാത്രികൻ പിന്തിരിഞ്ഞുപോവുകയായിരുന്നു. സമീപത്തെ കെട്ടിടത്തിൽനിന്ന് ഒരാൾ സംഭവം വിഡിയോ പകർത്തിയിരുന്നു.
തന്റെ വിഡിയോ വൈറലായത് വ്യാഴാഴ്‌ച വൈകീട്ടാണ് 70 കഴിഞ്ഞ പ്രഭാവതി അമ്മ അറിയുന്നത്. എരഞ്ഞിപ്പാലത്തെ അവ്വൈ ഷൺമുഖി, ഈ അമ്മ പുലിതന്നെ തുടങ്ങിയ കമന്റുകൾ വെച്ചാണ് വിഡിയോ വൈറലായത്. മഹിള അസോസിയേഷന്റെ ജില്ല കമ്മിറ്റി അംഗമായിരുന്ന പ്രഭാവതി ചാലപ്പുറത്തെ ക്യാപ്റ്റൻ ലക്ഷ്‌മി ഹോസ്‌പിറ്റലിൽ വാർഡനായും ജോലി ചെയ്തിരുന്നു.
അമ്പതു വർഷം മുമ്പ് ഡ്രൈവിങ് പഠിച്ച പ്രഭാവതിയമ്മ ഫുട്ബാളറുമായിരുന്നു. മുമ്പൊരിക്കൽ ഫുട്പാത്തിലൂടെ എത്തിയ വാഹനം തടഞ്ഞ പ്രഭാവതിയമ്മക്ക് യുവാവിൽനിന്ന് അടിയേറ്റ ദുരനുഭവവുമുണ്ടായിട്ടുണ്ട്. യുവാവിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.