വിളയില്‍ ഫസീലയുടെ നമസ്കാരപ്പായ സഹോദരന് മണ്ണാരക്കല്‍ നാരായണന് മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകല അക്കാദമി അധികൃതര്‍ക്ക് കൈമാറുന്നു
കൊണ്ടോട്ടി: അന്തരിച്ച മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല ഉപയോഗിച്ചിരുന്ന നമസ്കാരപ്പായ സഹോദരന് മണ്ണാരക്കല്‍ നാരായണന് കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകല അക്കാദമിക്ക് കൈമാറി. വിളയില്‍ വത്സല പിന്നീട് വിളയില്‍ ഫസീലയായി മാറിയശേഷം സ്വന്തം വീട്ടിലെത്തുമ്പോള്‍ ആരാധനക്കായി സഹോദരന് നാരായണന് നല്കിയതായിരുന്നു നമസ്കാരപ്പായ. ഗായികയുടെ മരണശേഷവും അത് ഇദ്ദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഫസീലയെ അനുസ്മരിക്കാന്‍ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ‘പിരിശത്തില്‍ നിന്നോളി’ എന്ന പരിപാടിയില്‍ അക്കാദമി ചെയര്മാന് ഡോ. ഹുസൈന് രണ്ടത്താണിയുടെ നേതൃത്വത്തില്‍ നമസ്കാരപ്പായ സ്വീകരിച്ചു. ഇത് ‘ഓർമപ്പായ’യായി അക്കാദമിയിലെ ചരിത്ര സാംസ്കാരിക മ്യൂസിയത്തില്‍ സൂക്ഷിക്കും.
അകാലത്തില്‍ വിടവാങ്ങിയ ഇതരമതസ്ഥയായ കൂട്ടുകാരിയുടെ മക്കളെ ഏറ്റെടുത്ത തെന്നാടന്‍ സുബൈദ–അബ്ദുല്‍ അസീസ് ഹാജി ദമ്പതികളുടെ മകന് ഷാനവാസ്, മങ്കട മാണിക്കേടത്ത് ശിവക്ഷേത്രത്തിന് സൗജന്യമായി സ്ഥലം നല്കിയ മറിയുമ്മ ഹജ്ജുമ്മയുടെ മകന് ഉമ്മര്‍ തയ്യില്‍, ചുങ്കത്തറയിലെ മുസ്ലിം പള്ളിക്ക് മദ്റസ പണിയാന്‍ സൗജന്യമായി സ്ഥലം നല്‍കുകയും ആ പള്ളി ഭരണസമിതിയുടെ ട്രഷററായി പത്തുവര്‍ഷത്തോളം പ്രവര്‍ത്തിക്കുകയും ചെയ്ത കെ.കെ. അപ്പു കരുമാമ്പൊയിലിന്റെ പേരമക്കളായ റെനീഷ്, സുനില്‍ എന്നിവരും പങ്കെടുത്തു.
ഗായകന് ഫിറോസ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ചെറുകാട് സ്മാരക ട്രസ്റ്റ് ചെയര്മാന് വി. ശശികുമാര്‍, അഷറഫ് പുളിക്കല്‍, അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, അക്കാദമി വൈസ് ചെയര്മാന് പുലിക്കോട്ടില്‍ ഹൈദരാലി, കെ. ബദറുന്നീസ, ഐ.പി. സിദ്ദീഖ്, ഇസ്രത്ത് സബ, എടപ്പാള്‍ ബാപ്പു, ഇന്ദിര ജോയി, അക്കാദമി അംഗങ്ങളായ രാഘവന് മാടമ്പത്ത്, പക്കര്‍ പന്നൂര്, ബാപ്പു വാവാട്, ഒ.പി. മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറിന് നടക്കുന്ന ‘വിളയില്‍ ഫസീല സ്മൃതി ഗാനസന്ധ്യ’ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്യും. സെയിന്‍ മ്യൂസിക് ബാന്‍ഡ് മലപ്പുറം അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.