ഷാഹിനക്കിത് വെറും കച്ചവടമല്ല, അതിജീവനം

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സഞ്ചാരികളെയും ഭക്ഷണ പ്രേമികളെയും ആകർഷിക്കുന്ന ഫുഡ് സ്ട്രീറ്റിൽ അതിജീവത്തിന്‍റെ മേച്ചിൽപ്പുറം കണ്ടെത്തുകയാണ് ട്രാൻസ് വനിത ഷാഹിന. പൊതുസമൂഹത്തിൽ മാന്യമായ ജീവിതമാർഗം കണ്ടെത്താൻ ഒന്നരവർഷത്തോളം സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയതിന്‍റെ ഫലമാണ് ഷാഹിനയുടെ ഫുഡ് സ്ട്രീറ്റിലെ കടലും കാറ്റും കട്ടൻ ചായയും സ്റ്റാൾ.

കോഴിക്കോട്ട് ആദ്യമായി ഉന്തുവണ്ടി കച്ചവട ലൈസൻസ് സ്വന്തമാക്കുന്ന ട്രാൻസ് വനിതയാണിവർ. കോർപറേഷൻ ഫുഡ് സ്ട്രീറ്റിൽ ബങ്കിനുള്ള ഷാഹിനയുടെ അപേക്ഷ ആദ്യം നൂലാമാലകളിൽ കുരുങ്ങി മുടങ്ങി. തുടർന്ന് മന്ത്രി എം.ബി. രാജേഷിനെ കണ്ട് ആവശ്യമുന്നയിച്ചു. മന്ത്രി അടിയന്തരമായി ഇടപെട്ടാണ് ഷാഹിനക്ക് ഫുഡ്സ്ട്രീറ്റിൽ ബങ്ക് അനുവദിച്ച് പ്രത്യേക ഉത്തരവിറക്കിയത്. ഇതോടെയാണ് ഷാഹിനയുടെ സ്വപ്നം സാക്ഷാത്കരിച്ചത്.

ഷാഹിനയും ഭർത്താവ് പാലക്കാട് സ്വദേശി അൻസാറും ചേർന്നാണ് ഫുഡ്സ്ട്രീറ്റിൽ ചായക്കട നടത്തുന്നത്. ആറു തൊഴിലാളികളും ഇവരുടെ കീഴിലുണ്ട്. കേരളത്തിലെ ആദ്യകാല ട്രാൻസ് സ്ത്രീകളിൽ ഒരാളായ ഷാഹിന നേരത്തെ മുളകുപൊടി വ്യാപാരം നടത്തിയിരുന്നു. കോവിഡ് ലോക്ഡൗണിൽ അത് നിലച്ചു. ഇക്കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് പാലക്കാട് സ്വദേശി അൻസാറും ഷാഹിനയും തമ്മിലുള്ള വിവാഹം. രണ്ടു കുടുംബങ്ങളുടെയും അംഗീകാരത്തോടെയായിരുന്നു വിവാഹമെന്ന് ഷാഹിന പറഞ്ഞു.

Tags:    
News Summary - For Shahina, it's not just a business, it's survival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.