കോഴിക്കോട്/തിരുവനന്തപുരം: മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റമദാൻ ഒന്ന് ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. പൊന്നാനിയിലും കാപ്പാടും വർക്കലയിലുമാണ് മാസപ്പിറവി കണ്ടത്.
ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.
ഞായറാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദി ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധി ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ അറിയിച്ചു.
അതേസമയം, വെള്ളിയാഴ്‌ച വൈകീട്ട് മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച റമദാൻ ഒന്ന് സ്ഥിരീകരിച്ച് വ്രതം ആരംഭിച്ചിരുന്നു. സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം വെള്ളിയാഴ്‌ച ശഅ്ബാൻ 29 പൂർത്തിയായതിനാൽ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സുപ്രീംകോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
സാധാരണ മാസപ്പിറവി നിരീക്ഷിക്കാറുള്ള തുമൈർ, അൽ ഹരീഖ്, ശഖ്‌റ, ഹുത്ത സുദൈർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇത്തവണയും നിരീക്ഷണത്തിന് സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും എല്ലാ സ്ഥലങ്ങളിലും ആകാശം മേഘവൃതം ആയതിനാലും പൊടിക്കാറ്റ് ഉണ്ടായതിനാലും നിരീക്ഷണത്തിന് പ്രയാസമുണ്ടാക്കിയിരുന്നു. എന്നാൽ, തുമൈറിൽ ആകാശം തെളിഞ്ഞതോടെ ചന്ദ്രക്കല ദൃശ്യമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.